മുതലയുമായുള്ള മല്‍പ്പിടുത്തം, ചായവില്‍പ്പന, ഹിമാലയ വാസം !!! തെരഞ്ഞെടുപ്പിന് മുന്‍പ് നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്

നരേന്ദ്ര മോഡിയുടെ ജീവിതകഥ പറയുന്ന പി.എം നരേന്ദ്ര മോഡിയുടെ ട്രെയ്‌ലര്‍ പുറത്ത്. വിവേക് ഒബ്‌റോയിയാണ് സിനിമയില്‍ മോഡിയായി എത്തുക. മേരി കോം, സരബ്ജിത്ത് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ഒമങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുളില്‍ ട്രെയ്‌ലര്‍ ട്രെന്‍ഡിംഗ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി.ജെ.പിയുടെ പ്രചരണപരിപാടിയുടെ ഭാഗം മാത്രമാണ് ഈ ചിത്രമെന്ന ആക്ഷേപം പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്നുണ്ട്.

ബൊമന്‍ ഇറാനി, ബര്‍ക്ക ഭ്രഷ്ട്, മനോജ് ജോഷി, സറീന വഹാബ്, പ്രശാന്ത് നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സിനിമയില്‍ നരേന്ദ്ര മോഡിയുടെ ബാല്യകാലം മുതല്‍ പ്രധാനമന്ത്രിയായ വരെയുള്ള കാലയിളവിലെ സംഭവവികാസങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. വിവേക് ഒബ്‌റോയുടെ പിതാവ് സുരേഷ് ഒബ്‌റോയ്, സന്ദീപ് സിംംഗ് ആനന്ദ് പണ്ഡിറ്റ്, അര്‍ച്ചന മനീഷ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഹരീഷ് ലിമ്പാച്ചിയ, അനിരുന്ദ് ചൗവല്‍, വിവേക് ഒബ്‌റോയ് എന്നിവരാണ് സിനിമ രചനയ്ക്ക് പിന്നില്‍.

അതേസമയം പണം നല്‍കിയാല്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും സമൂഹമാധ്യമങ്ങലൂടെ പ്രചരണം നടത്താമെന്ന് വിവേക് ഒബ്‌റോയ് പറഞ്ഞത് കോബ്ര പോസ്റ്റ് വീഡിയോ പുറത്തു വിട്ടിരുന്നു. ഇത് സിനിമയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കിയിലാണ് അണിയറപ്രവര്‍ത്തകര്‍.