“മാസ് സിനിമ ആരാധകരെ മനസില്‍ കണ്ടാണ് ചിത്രം എഴുതിയത്, പൃഥ്വിരാജിനോളം ക്രാഫ്റ്റുള്ള സംവിധായകനെ ഞാന്‍ കണ്ടിട്ടില്ല”- ലൂസിഫറിനെക്കുറിച്ച് മനസ് തുറന്ന് മുരളി ഗോപി

താന്‍ എഴുതിയതില്‍ ഏറ്റവും മാസ് അപ്പീലിങ്ങായുള്ള തിരക്കഥയാണ് ലൂസിഫറിന്റെതെന്ന് മുരളി ഗോപി. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെപ്പറ്റി മനസു തുറന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രം വളരെ സ്‌റ്റ്രേറ്റ് ഫോര്‍വേര്‍ഡായുള്ള, അധികം എക്‌സ്പിരിമെന്റ് ഒന്നും ഇല്ലാത്ത തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ വളരെ ശക്തമായ ഒരു അടിത്തറ ഈ ചിത്രത്തിനുണ്ട്. മോഹന്‍ലാല്‍ ആരാധകരെയും, മാസ് സിനിമ പ്രേക്ഷകരെയും സിനിമ തൃപ്തിപ്പെടുത്തുമെന്നാണ് താനും, രാജുവും വിശ്വസിക്കുന്നതെന്നും മുരളി പറഞ്ഞു.

ഈ തിരക്കഥ പൃഥ്വിയെ ഏല്‍പ്പിച്ചത് നൂറ് ശതമാനം ശരിയായി എന്നത് ഷൂട്ടിന്റെ ആദ്യ ദിവസം തന്നെ ബോധ്യമായി. അര്‍പ്പണ മനോഭാവത്തോടെയാണ് അദ്ദേഹം സിനിമയെ സമീപിച്ചത്. തിരക്കഥയിലെ ഒരോ രംഗവും, സംഭാഷണവും അദ്ദേഹത്തിന് മനപാഠമായിരുന്നു. ഇതുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ക്രാഫ്റ്റുള്ള സംവിധായകനാണ് പൃഥ്വ, അഭിനയിച്ച നൂറില്‍ കൂടുതല്‍ സിനിമകളിലൂടെയും സംവിധാനം അദ്ദേഹം പഠിക്കുകയായിരുന്നു എന്നും മുരളി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ലൂസിഫറിന്റെ ട്രെയ്‌ലര്‍ സര്‍വ്വ റെക്കോര്‍ഡുകളും പിന്തള്ളി യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, ടൊവീനോ തോമസ്, വിവേക് ഒബ്‌റോയ് തുടങ്ങി വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്.