ടേബിളില്‍ ഇരു കൈയ്യും കുത്തി മുന്നോട്ട് ആഞ്ഞ് അദ്ദേഹം പറഞ്ഞു “മുടിയാത്” !!! ആ വാക്കിലെ ശക്തിയും, ഗാംഭീര്യവും കേട്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു എന്റെ വൈ.എസ്.ആര്‍ ഇതുതന്നെ: മമ്മൂക്കയെപ്പറ്റി മാഹി രാഘവ്

വൈ.എസ്.ആര്‍ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു മമ്മൂട്ടി വലിയ കൈയ്യടി നേടിയിരിക്കുകയാണ്. കനമുള്ള നോട്ടവും, ഗാംഭീര്യമുള്ള ശബ്ദവും മമ്മൂക്കയുടെ പ്രത്യേക സവിശേഷതകളാണെന്നും, തങ്ങളുടെ നേതാവിനെ അവതരിപ്പിക്കാന്‍ മറ്റൊരു ചോയ്‌സ് ഇല്ലെന്ന് വൈ.എസ്.ആറിന് സ്‌നേഹിക്കുന്ന തെലുങ്കരും ഒരേ ശബ്ദത്തിലാണ് അഭിപ്രായപ്പെടുന്നത്. ആതേസമയം വൈ.എസ്.ആറാകാന്‍ മമ്മൂട്ടിയെ തെരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ മഹി.വി. രാഘവ്.

മണിരത്‌നം സംവിധാനം ചെയ്ത ‘ദളപതി’ എന്ന ചിത്രത്തിലെ ഒരു സീന്‍ ആണ് ‘യാത്ര’ എന്ന ചിത്രത്തിലേക്ക് മമ്മൂട്ടിയെ തീരുമാനിക്കാന്‍ കാരണം.മമ്മൂട്ടി അവതരിപ്പിച്ച ദേവരാജന്‍ എന്ന കഥാപാത്രത്തെയും രജനികാന്ത് അവതരിപ്പിച്ച സൂര്യ എന്ന കഥാപാത്രത്തെയും ജില്ലാ കളക്ടര്‍ ആയ അരവിന്ദ് സ്വാമി ഓഫീസിലേക്ക് വിളിച്ചുവരുത്തി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാം നിര്‍ത്തണമെന്ന് ഉപദേശിക്കുന്ന രംഗമാണ് അത്. മിനിറ്റുകള്‍ നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ മമ്മൂട്ടി ‘മുടിയാത്’ എന്ന് പറയുന്നു. ആ ഒരൊറ്റ ഡയലോഗിന്റെ ശക്തിയില്‍ ആ സീന്‍ മുഴുവന്‍ മമ്മൂട്ടി എന്ന താരം തന്റേതാക്കി മാറ്റിയെന്നാണ് മഹി രാഘവ് പറയുന്നത്.ആ ഒറ്റ ഡയലോഗിന്റെ കരുത്തും സൌന്ദര്യവും ആ സീനിലെ മമ്മൂട്ടിയുടെ പ്രകടനവുമാണ് യാത്രയിലെ വൈ എസ് ആര്‍ ആയി മമ്മൂട്ടിയെ മനസില്‍ കാണാന്‍ കാരണമായതെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നു.

ഐ.എം.ഡി.ബിയില്‍ സിനിമ പ്രേമികള്‍ ചേര്‍ന്ന് ചിത്രത്തിന് നല്‍കിയിരിക്കുന്ന റേറ്റിങ്ങ് പത്തില്‍ ഒമ്പതാണ്. ചിത്രം ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായ തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് ആക്ഷേപമുണ്ടെങ്കിലും, കക്ഷി രാഷ്ട്രിയത്തിന് അപ്പുറത്തേക്ക് വൈ.എസ്.ആറിനോടുള്ള തെലുങ്കരുടെ ആരാധന സിനിമയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാന്‍ കാരണമാക്കിയിട്ടുണ്ട്.