‘സിനിമയില്‍ അവസരം ലഭിക്കാന്‍ അച്ഛന്റെ സ്വാധീനം ഉപയോഗിച്ചിട്ടില്ല, ഇന്‍ഡസ്ട്രിയില്‍ വലിയ പരിചയങ്ങളുമില്ല; എങ്കിലും എനിക്ക് വരുന്ന റോളുകള്‍ക്ക് ചിലര്‍ തുരങ്കംവെക്കുന്നുണ്ട്’: മനസ് തുറന്ന് ഗോകുല്‍ സുരേഷ്

സ്വജനപക്ഷപാതം അരങ്ങുവാഴുന്ന മേഖലയാണ് ഇന്ത്യയിലെ ഒരോ സിനിമ വ്യവസായവും. ബോളിവുഡിലും, ടോളിവുഡിലും, മോളിവുഡിലും കാര്യങ്ങള്‍ ഏതാണ്ട് ഒരേപടിയാണ്. ഇന്‍ഡസ്ട്രിയില്‍ പിടിയുള്ള വമ്പന്മാര്‍ സ്വാധീനം ഉപയോഗിച്ച് തങ്ങളുടെ മക്കളെയും താരങ്ങളാക്കി മാറ്റുന്നു. എന്നാല്‍ തന്റെ കാര്യം അല്‍പം വ്യത്യസ്തമാണെന്ന് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് പറയുന്നു. സിനിമയും സിനിമാക്കാരുമായി തനിക്ക് വലിയ ബന്ധമോ, പരിചയക്കാരോ ഇല്ല. ഒരു സാധാരണ വ്യക്തി ഒരു താരത്തെ കാണുമ്പോള്‍ എങ്ങനെ എക്‌സൈറ്റഡ് ആകുന്നോ, അതു പോലെ തന്നെ താനും ആവേശഭരിതനാകും.

അച്ഛന്റെ സ്വാധീനം ഉപയോഗിച്ച് ഇതുവരെ ഒരു റോളും നേടിയിട്ടിയില്ല. എങ്കിലും ആഗ്രഹിക്കുന്ന സിനിമകളും കഥാപാത്രങ്ങളും തനിക്ക് ലഭിക്കാതിരിക്കാന്‍ സിനിമ രംഗത്തുള്ള പലരും പല കളിക്കുന്നുണ്ട്. അത് ആരാണെന്ന് വ്യക്തമല്ല. ചിലരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. എന്നാല്‍ താനതിനെകുറിച്ച് ആശങ്കപ്പെടാറില്ല. സ്വന്തം കാലില്‍ നിന്ന് പ്രൂവ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്.

‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ലെ അതിഥി വേഷമാണെങ്കില്‍, കൂടി അതുവഴി എനിക്ക് അരുണ്‍ ഗോപി സാറിനെ പരിചയപ്പെടാന്‍ പറ്റി. പ്രണവുമായി സൗഹൃദത്തിലാവാന്‍ സാധിച്ചു. ആ എക്‌സ്പീരിയന്‍സാണ് ഞാനാഗ്രഹിച്ചത്. ‘മാസ്റ്റര്‍പീസി’ല്‍ ആണെങ്കിലും അതെ, മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. അതല്ലാതെ സിനിമയുമായോ സിനിമാക്കാരുമായോ എനിക്കത്ര ബന്ധമോ പരിചയങ്ങളോ ഒന്നുമില്ല.