ഈ ന്യൂ ജനറേഷന്‍ കാലഘട്ടത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഫീല്‍ഡ് ഔട്ട്‌ ആകുമോ ?? ഇവര്‍ക്ക് പകരക്കാര്‍ വരുമോ ?? – ഉത്തരം പറയാം..

മലയാള സിനിമയിലെ അഭിമാന താരകങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. സിനിമാ പ്രേമികള്‍ക്ക് അഭിമാനിക്കാവുന്ന ഒരുപാട് സുവര്‍ണ്ണ നേട്ടങ്ങള്‍ കൈവരിച്ച അതുല്യ നടന്മാര്‍. ഒരാള്‍ മെഗാതാരവും മറ്റൊരാള്‍ സൂപ്പര്‍താരവുമാണ്. 30-35 വര്‍ഷങ്ങളായി മലയാളസിനിമയില്‍ പകരക്കരില്ലാത്ത അമരക്കാരായി തുടരുന്ന മോഹന്‍ലാലും മമ്മൂട്ടിയും ഇത്രനാളായിട്ടും എത്രയോ പേര്‍ വന്നു പോയിട്ടും ഇവിടെ ആദ്യസ്ഥാനങ്ങളില്‍ തന്നെ ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍ പോലെ തുടര്‍ന്നു പോരുന്നു. എന്താണ് ഇതിന്റെ രഹസ്യം ?

ഇവര്‍ സിനിമയില്‍ കാല്‍വെയ്പ് നടത്തിയ 80കള്‍ മുതല്‍ മലയാള സിനിമയില്‍ വസന്തകാലം ആയിരുന്നു. മികവുറ്റ സംവിധായകരും കഴിവുറ്റ എഴുത്തുകാരാലും സമ്പുഷ്ടമായിരുന്നു നമ്മുടെ മലയാള സിനിമ. സംഗീതത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും കഴിഞ്ഞിട്ടുണ്ട്. അത്രയേറെ നല്ല നല്ല ഒരുപാട് കഥാപാത്രങ്ങള്‍, അതും വ്യത്യസ്തമായ, അഭിനയിച്ച് ഫലിപ്പിച്ച് പ്രേക്ഷക മനസ്സുകളില്‍ ഇവര്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു. പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊലിഞ്ഞു പോകാന്‍ മാത്രം ദുര്‍ബലം അല്ലായിരുന്നു ഇവര്‍ ഉണ്ടാക്കിയെടുത്ത പേരും പുകഴും ആരാധകരും നിറഞ്ഞ ആധിപത്യം. വീഴ്ചകളും പരാജയങ്ങളും ഇരുവര്‍ക്കും പല കാലങ്ങളിലായി നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അവിസ്മരണീയ തിരിച്ചുവരവോടെ ആ തളര്‍ച്ചകളെ എല്ലാം അവര്‍ മറികടന്നു.

ഇന്നത്തെ കാലത്ത് ഇവരോട് മുട്ടിനില്‍ക്കാന്‍ പറ്റിയ എതിരാളികളോ, അല്ലെങ്കില്‍ വലിയ ബോക്സ്‌ ഓഫീസ് വിജയങ്ങള്‍ തുടരെ പല രീതിയില്‍ ഉള്ള സിനിമകള്‍ അഭിനയിച്ച് നല്‍കാന്‍ ശേഷിയുള്ള ഒരു നായകനോ ഇല്ലത്തത്കൊണ്ടാകാം ഇന്നും മോഹന്‍ലാലിനു തുല്യം മമ്മൂട്ടിക്ക് തുല്യം എന്ന് ആരെയും വിശേഷിപ്പിക്കാത്തത്. നല്ല സിനിമകളുടെ ഭാഗം ആകുന്ന നായക നടന്മാര്‍ പോലും ഇന്ന് വിരളമാണ്. അത്തരം നല്ല സിനിമകള്‍ തയ്യാറാക്കുന്ന സംവിധായകരും എഴുത്തുകാരും ഗണ്യമായി കുറഞ്ഞതിന്റെ ഫലവും ഇപ്പോള്‍ സിനിമയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇങ്ങനെ ഒരു സഹാജര്യത്തില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ഒക്കെ നമുക്ക് നല്‍കിയ സംഭാവനകള്‍ എത്രത്തോളം ആയിരുന്നു എന്ന ചിന്തമാത്രം മതി പ്രേക്ഷകര്‍ക്ക് ഈ താരങ്ങളെ എന്നും മനസ്സില്‍ കൊണ്ടുനടക്കാന്‍.

ആരോഗ്യപരമായ താരാധിപത്യം ഇപ്പോഴും തുടരുന്ന, അതിന് യോഗ്യതയുള്ള രണ്ടു നടന്മാര്‍, മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ്. ഇരുവരുടെയും ആരാധകര്‍ പോലും മമ്മൂട്ടിയെ മോഹന്‍ലാലിനോടും, മോഹന്‍ലാലിനെ മമ്മൂട്ടിയോടും മാത്രമേ അന്നും ഇന്നും താരതമ്യം ചെയ്തിട്ടൊള്ളൂ. ഇന്നും ഇരുവരുടെയും ആ ലെഗസ്സി തുടരുന്നു. ഇന്നും അത്രയേറെ ആത്മാര്‍ത്ഥതയോടെ പ്രേക്ഷകര്‍ക്കായി, ആരാധകര്‍ക്കായി അവര്‍ സിനിമകള്‍ ചെയ്ത് കൊണ്ടേയിരിക്കുന്നു. ആവേശത്തോടെ പ്രേക്ഷകരും അത് സ്വീകരിക്കുന്നു.

ഇന്നും മോഹന്‍ലാല്‍ മലയാളത്തില്‍ ബോക്സ്‌ ഓഫീസ് തരംഗം സൃഷ്ടിക്കുമ്പോള്‍ മലയാളവും കടന്ന് ഭാഷാന്തരങ്ങള്‍ക്കും അപ്പുറം സഞ്ചരിച്ച് അഭിനയം കൊണ്ട് വിസ്മയിപ്പിക്കുകയാണ് മമ്മൂട്ടി. ഈ കാലയളവില്‍ സിനിമയില്‍ എത്രയോ നടന്മാര്‍ വന്നുപോയി, ഇപ്പൊഴു വന്ന്പോകുന്നു, എന്നാല്‍ ഇന്നും സ്ഥിരതയോടെ തങ്ങളുടെ സ്ഥാനങ്ങള്‍ക്ക് കോട്ടം വരുത്താതെ നിലകൊള്ളുന്ന മമ്മൂട്ടിയും മോഹന്‍ലാലും ഇനി എത്ര തലമുറകള്‍ കഴിഞ്ഞാലും പകരക്കാരില്ലാത്ത പ്രതിഭാശാലികളായി, അതുല്യ ഇതിഹാസങ്ങളായി ജനഹൃദയങ്ങളില്‍ തുടരുക തന്നെ ചെയ്യും എന്നതാണ് ഏവര്‍ക്കും അറിയാവുന്ന തര്‍ക്കമില്ലാത്ത യഥാര്‍ത്ഥ്യം.