മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ എക്കാലത്തെയും മികച്ച 10 എവർഗ്രീൻ സിനിമാ പ്രണയജോഡികൾ ഇതാ…

മലയാള സിനിമ ആസ്വാദകർ വീണ്ടും വീണ്ടും സിനിമയിലൂടെ കാണാൻ ആഗ്രഹിക്കുന്ന ചില കൂട്ടുകെട്ടുകൾ ഉണ്ട്.. ചില നായികാ – നായകന്മാരുടെ പ്രണയാതുരമായ കൂട്ടുകെട്ടുകൾ.. അവരെ എപ്പോൾ ഒരുമിച്ചു കണ്ടാലും എല്ലാവർക്കും ഒരു സന്തോഷമാണ്.. വീണ്ടും അവരെ അതുപോലെ കാണാൻ കൊതിയുമാണ്… അങ്ങനെ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് പ്രണയജോഡികളെ ഒന്ന് പരിചയത്തിൽ വീണ്ടും കൊണ്ടുവരാം.. എന്നെന്നും സിനിമാസ്വാദകധകര്‍ നെഞ്ചിലേറ്റിയ, അവർ യഥാർത്ഥ ജീവിതത്തിൽ വരെ ഒന്നിച്ചിരുന്നെങ്കിൽ എന്നുവരെ ചിന്തിച്ചുപോയിട്ടുള്ള ആ പ്രണയ ജോഡികളെ പരിചയപ്പെടാം..

1) പ്രേം നസീര്‍-ഷീല

മലയാള സിനിമയിലെ ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തിലെ ആദ്യ ഹിറ്റ് ജോഡി. നസീർ – ഷീല. നസീറിന്റെ സിനിമകളിലെ പ്രണയരംഗങ്ങളെല്ലാം മരം ചുറ്റി പ്രണയമായിരിക്കും. അപ്പോഴെല്ലാം നസീറിന് കൂട്ടായി ഷീലയുമുണ്ടാകും. അന്ന് പ്രണയം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ തെളിയുന്ന രണ്ട് മുഖങ്ങളാണ് പ്രേം നസീറിന്റെയും ഷീലയുടെയും. പഴയകാല സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രണയ ജോഡികളായി ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ രണ്ട് മുഖങ്ങളായിരുന്നു ഇവരുടേത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളായിരുന്നു പ്രേം നസീറും ഷീലയും. കള്ളിച്ചെല്ലമ്മ, കാവ്യമേള, ഭാര്യമാര്‍ സൂക്ഷിക്കുക തുടങ്ങീ 130 ഓളം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ പ്രണയജോഡികളായി ഒന്നിച്ചെത്തിയെന്ന റെക്കോര്‍ഡും ഈ പ്രണയ ജോഡികള്‍ സ്വന്തമാക്കി.

2) സത്യന്‍-ശാരദ

മലയാള സിനിമയില്‍ ഒരുകാലത്ത് നായകന്‍ സത്യനെന്ന് കേട്ടാല്‍ നായിക സ്ഥാനത്തേയ്ക്ക് പ്രേക്ഷകരുടെ മനസ്സില്‍ തെളിയുന്ന മുഖം ശാരദേയുടേതായിരുന്നു. അടിമകള്‍, യക്ഷി, സ്ത്രീ, കുറ്റവാളി, മനസ്വിനി തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ പക്വതയാര്‍ന്ന അഭിനയം കാഴ്ച്ചവെച്ച് ഇരുവരും ഏവരുടെയും പ്രിയ ജോഡികളായി മാറിയിരുന്നു.

3) മധു-ശ്രീവിദ്യ

അറുപതോളം സിനമകളില്‍ ഒന്നിച്ചെത്തി മികച്ച പ്രകടനം കാഴ്ച്ചവെച്ച മധുവും ശാരദയും മലയാളികള്‍ക്കും, മലയാള സിനിമയ്ക്കും മികച്ച താരജോഡികളായിരുന്നു. തന്റെ നായികമാരില്‍ കാവ്യഭംഗിയുള്ളൊരു നായികയായിരുന്നു ശ്രീവിദ്യയെന്നും ശ്രീവിദ്യയ്ക്ക് വല്ലാത്തൊരു വശ്യത ഉണ്ടായിരുന്നു എന്നുമാണ് ഒട്ടേറെ ചിത്രങ്ങളില്‍ തന്റെ പ്രണയജോഡിയായി തിളങ്ങിയ ശ്രീവിദ്യയെ കുറിച്ച് മധുവിന് പറയാനുള്ളത്.

4) ജയന്‍-സീമ

ഒട്ടുമിക്ക സിനിമകളിലും നായികാ നായകനായി ഒന്നിച്ചെത്തിയ ജയന്‍ സീമ താരജോഡികളെയും നെഞ്ചിലേറ്റാന്‍ ആരാധകര്‍ മറിന്നില്ല. സിനിമയ്ക്കുള്ളില്‍ നായകനായിരുന്നെങ്കിലും സിനിമയ്ക്ക് പുറത്തുള്ള യഥാര്‍ത്ഥ ജീവിതത്തില്‍ സീമ ജയനെ ഒരു സഹോദരനായാണ് കണ്ടിരുന്നത്. അങ്കക്കുറി, കരിമ്പന, അങ്ങാടി, തുടങ്ങീ നിരവധി സിനിമകളില്‍ ഇരുവരും ക്യാമറ പങ്കിട്ടിട്ടുണ്ട്.

5) ശങ്കര്‍-മേനക

ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു ശങ്കറും മേനകയും. ഇവര്‍ ഒന്നിച്ചെത്തുന്ന സിനിമകള്‍ക്ക് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പൂച്ചയ്‌ക്കൊരു മൂക്കുത്തി, എങ്ങനെ നീ മറക്കും, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു തുടങ്ങീ സിനിമകളിലൂടെയാണ് കാമുകിയെയും കൊണ്ട് ബൈക്കില്‍ ചുറ്റികറങ്ങുന്ന കാമുകനെ മലയാളികള്‍ ആദ്യമായി കാണുന്നത്.

6) മമ്മൂട്ടി-സുഹാസിനി

മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ഒറ്റച്ചിത്രം മതി ഈ ജോഡിയെ സ്നേഹിക്കാൻ. അതുപോലെ ആദാമിന്റെ വാരിയെല്ല്, അക്ഷരങ്ങള്‍, എന്റെ ഉപാസന, കഥ ഇതുവരെ തുടങ്ങീ നിരവധി സിനിമകളിലാണ് മമ്മൂട്ടിയും സുഹാസിനിയും താരജോഡികളായി എത്തിയത്. അക്കാലത്ത് മമ്മൂട്ടിയുടെ നായികയായി പ്രേക്ഷകര്‍ സങ്കൽപ്പിച്ചിരുന്നത് പലപ്പോഴും സുഹാസിനിയെയായിരുന്നു.

7) മോഹന്‍ലാല്‍-ശോഭന

തേന്മാവിൻ കൊമ്പത്, മായാമയൂരം, മിന്നാരം, നാടോടിക്കാറ്റ് തുടങ്ങീ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച താരജോഡികളായിരുന്നു മോഹന്‍ലാലും ശോഭനയും. അഭിനയത്തിന്റെ കാര്യത്തിലും ഇരുവരും ഒന്നോടൊന്ന് മികച്ചു നിന്നിരുന്നു.

8) ജയറാം-ഉര്‍വ്വശി

മലയാള സിനിമയില്‍ മാത്രമല്ല തമിഴ് സിനിമകളിലും പ്രണയ ജോഡികളായി ഒന്നച്ചഭിനയിച്ച ജയറാമും ഉര്‍വ്വശിയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരങ്ങള്‍ കൂടിയാണ്. കടിഞ്ഞൂല്‍ കല്യാണം, ചക്കിക്കൊത്ത ചങ്കരന്‍, മാളൂട്ടി, പൊന്‍മുട്ടയിടുന്ന താറാവ് നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചെത്തിയിരുന്നു.

9) കുഞ്ചാക്കോ ബോബന്‍-ശാലിനി

തൊണ്ണൂറുകളില്‍ അനിയത്തിപ്രാവ്, നക്ഷത്രതാരാട്ട്, നിറം, പ്രേം പൂജാരി എന്നീ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കുഞ്ചാക്കോ ബോബന്‍-ശാലിനി താരജോഡികള്‍ യുവാക്കള്‍ക്ക് ഹരമായിരുന്നു. ഇവരൊന്ന് ഒന്നിച്ചിരുന്നെങ്കിൽ എന്ന്പോലും ആഗ്രഹിച്ച സിനിമാപ്രേക്ഷകരുണ്ട്. അത്രമേൽ ഇഷ്ടമായിരുന്നു നമുക്ക് ഈ പ്രണയജോഡിയെ.

10 ) ദിലീപ്-കാവ്യ മാധവന്‍

ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയാണ് ഈ താരജോഡികള്‍ ആദ്യമായി നായികാനായകനായി സ്‌ക്രീന്‍ പങ്കിടുന്നത്. പിന്നീട് മീശമാധവന്‍, കൊച്ചി രാജാവ്, പെരുമഴക്കാലം, തിളക്കം തുടങ്ങീ 25ഓളം സിനിമകളില്‍ ഒന്നിച്ചെത്തിയ ഇരുവരും ഒടുവില്‍ വിവാഹിതരായി.