ഈ നാടിന്റെ ശബ്ദം നമ്മള്‍ കേള്‍ക്കണം: ആലപ്പാട് വിഷയത്തില്‍ പിന്തുണ പ്രഖ്യാപിച്ച് ടൊവീനോ: കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കൊല്ലം ജില്ലയിലെ ആലപ്പാട് കരിമണല്‍ ഘനനത്തിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ടെവീനോ തോമസ്. ടെവീനോ സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
സേവ് ആലപ്പാട് എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാംപെയിനെ കുറിച്ച് കണ്ടിട്ടുണ്ടെന്നും പക്ഷേ കേരളത്തിന്റെ മുഖ്യധാരാ പ്രശ്‌നമായി ഇതു ചര്‍ച്ചചെയ്യുന്നില്ലെന്നും ടൊവിനോ പറയുന്നു. ഒരു ജനത നടത്തുന്ന സമരം കാണാതെ മുന്നോട്ട് പോകാന്‍ അധികകാലം കഴിയില്ലെന്നും കേരളം ഈ വിഷയം ഏറ്റെടുക്കുെമന്നും ടൊവിനോ പറഞ്ഞു.

പ്രളയത്തില്‍ വലഞ്ഞ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ഓടിയെത്തിയവരില്‍ ആലപ്പാട് നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ ഏറെയുണ്ടായിരുന്നു. ഇപ്പോള്‍ അവരുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണെന്നാണ് ക്യംപെയിനില്‍ നിന്നും വ്യക്തമാകുന്നത്. പ്രദേശത്തെ അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. കൊല്ലം കരുനാഗപ്പള്ളിയിലെ കടല്‍ത്തീരഗ്രാമമായ ആലപ്പാട്ടില്‍ കഴിഞ്ഞ 60 വര്‍ഷമായി തുടരുന്ന ഖനനം നാടിനെ തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്.

കടല്‍ കരയെ വിഴുങ്ങി തുടങ്ങിയതോടെയാണ് ഖനനത്തിന്റെ ആഴം ജനങ്ങള്‍ തിരിച്ചറിയുന്നത്. ജനങ്ങള്‍ പ്രതിഷേധം ആരംഭിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. സേവ് ആലപ്പാട്, സ്റ്റോപ് മൈനിങ് എന്നീ ഹാഷ്ടാഗുകളോടെ സോഷ്യല്‍ ലോകത്ത് സജീവ ചര്‍ച്ചയാവുകയാണ് ആലപ്പാടിന്റെ ദുരിതം.