ഞാനൊരിക്കലും അമ്മ എന്നു വിളിച്ചിട്ടില്ല; കല്പനയെക്കുറിച്ച്‌ മകള്‍…

മലയാളത്തിന്റെ ഹാസ്യ റാണിയായി തിളങ്ങിയ താരമാണ് കല്പന. ചിരിയുടെ മേളത്തില്‍നിന്നും കല്പന വിടവാങ്ങിയിട്ട് മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടു. 2018 ജനുവരി 25 ന് ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെയായിരുന്നു കല്‍പനയുടെ ആകസ്മിക മരണം. അമ്മയെ കുറിച്ച്‌ മകള്‍ ശ്രീമയി ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

കല്‍പനയുടെ ഫോണിലെ റിങ് ടോണ്‍ ‘അമ്മായെന്‍ട്രഴൈക്കാത ഉയിരില്ലയേ… അമ്മാവെ വണങ്കാതെ ഉയര്‍വില്ലെയേ….’ എന്ന ഗാനമാണ്. ശ്രീമയി ഇപ്പോഴും ഈ പാട്ട് മാറ്റിയിട്ടില്ല. കല്‍‍പന ഏറെ സ്നേഹിച്ചിരുന്ന ഈ ഗാനത്തെക്കുറിച്ചും പറയുന്നു.

‘മിനുവിന് ഒത്തിരി പ്രിയപ്പെട്ടതായിരുന്നു ആ പാട്ട്. ഞാനൊരിക്കലും അമ്മ എന്നു വിളിച്ചിട്ടില്ല. മിനു എന്നായിരുന്നു അവസാനം വരെ വിളിച്ചിരുന്നത്. ഒരു കൂട്ടുകാരിയെ പോലെ.” ശ്രീമയി പറയുന്നു. കൂടാതെ തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിന്റെ ചുവരിലൊന്നും കല്‍പനയുടെ ഫോട്ടോ വച്ചിട്ടില്ല. അങ്ങനെ ചുവരില്‍ മാലയിട്ടു വയ്ക്കാനായി കല്‍പന പോയതായി ഇവിടെയാര്‍ക്കും തോന്നുന്നില്ല. ശ്രീമയിയുടെ വാക്കുകള്‍ ഇങ്ങനെ…

 

 

‘ മൂന്ന് ചേച്ചിമാരാണ് ഞങ്ങളുടെ കുടുംബത്തിലെന്നായിരുന്നു എന്റെ വിചാരം. കാര്‍ത്തു ചേച്ചി (കലാരഞ്ജിനി), മിനുച്ചേച്ചി (കല്‍പന), പൊടിച്ചേച്ചി (ഉര്‍വശി). പിന്നെയാണ് മനസ്സിലായത് മിനു അമ്മയാണെന്ന്. അമ്മൂമ്മയാണ് എന്നെ വളര്‍ത്തിയത്. അമ്മൂമ്മ വിജയലക്ഷ്മിയെ ഞാന്‍ വിളിച്ചിരുന്നത് ‘അമ്മിണി’ എന്നും. അമ്മൂമ്മയെയാണ് ഞാന്‍ അമ്മയുടെ സ്ഥാനത്ത് മനസ്സില്‍ കരുതിയത്. കാരണം, മിനു മിക്കപ്പോഴും ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നു. മൂന്നു വയസ്സുള്ളപ്പോളൊരിക്കല്‍ മിനു പറഞ്ഞു: ”മക്കളേ മിനുച്ചേച്ചീ എന്നു വിളിക്കല്ലേ. നിന്റെ അമ്മയാ ഞാന്‍.” എന്നാലും ചേച്ചീ അങ്ങു മാറ്റി വീണ്ടും വിളിച്ചത് മിനു എന്നാണ്. ആ വിളി ഒരിക്കലും മാറ്റിയില്ല. മിനു ഉള്ളപ്പോള്‍ വീടു നിറയെ തമാശയായിരുന്നു. മിക്ക കോമഡി അഭിനേതാക്കളെക്കുറിച്ചും പറയുന്നത് വീട്ടില്‍ അവര്‍ നല്ല സീരിയസായിരിക്കുമെന്ന്. പക്ഷേ, മിനുവിന്റെ കാര്യം നേരേ മറിച്ചായിരുന്നു. സിനിമയില്‍ കാണിച്ച കോമഡിയെക്കാളേറെയായിരുന്നു വീട്ടില്‍.’