ധനുഷിനൊപ്പം മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റം; വെട്രിമാരന്‍ ചിത്രം ‘അസുരനില്‍’ നായിക….

തമിഴ് സിനിമാ ലോകത്ത് പ്രേക്ഷകരും നിരൂപകരുമെല്ലാം കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് വെട്രിമാരന്‍- ധനുഷ് എന്നിവരുടേത്. ഇരുവരും ആദ്യം ഒന്നിച്ച പൊല്ലാതവന്‍ ധനുഷിന്റെ കരിയറിലെ തന്നെ ബ്രേക്ക് ആയപ്പോള്‍ പിന്നീട് പുറത്തിറങ്ങിയ ആടുകളം ധനുഷിന് ദേശീയ പുരസ്‌കാരം നേടികൊടുത്തു. കഴിഞ്ഞ വര്‍ഷം ഒരുമിച്ച വട ചെന്നൈ എന്ന ചിത്രമായിക്കോട്ടെ വലിയ പ്രദര്‍ശന വിജയവും നേടി.

വട ചെന്നൈയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകരോടാണ് ഇരുവരും അതിന് മുന്‍പ് മറ്റൊരു ചിത്രത്തില്‍ ഒന്നിക്കുമെന്ന് അറിയിച്ചത്. അസുരന്‍ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തു വിട്ടിരുന്നു. ചിത്രം ഈ മാസം 26ന് ഷൂട്ടിങ്ങ് ആരംഭിക്കാനിരിക്കേ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

 

 

മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരാണ് ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രമാകുന്നത്. മഞ്ജുവിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാകും അസുരന്‍. ധനുഷാണ് ചിത്രത്തില്‍ മഞ്ജു നായികയാകുന്ന കാര്യം അറിയിച്ചത്. മഞ്ജു വാര്യര്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കാത്തിരിക്കുകയാണെന്ന് ധനുഷ് ട്വിറ്ററില്‍ കുറിച്ചു.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. കലൈപുലി എസ്. താനു നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ജി.വി. പ്രകാശാണ്.