കൊച്ചുണ്ണി 70 കോടിയിലേക്ക് കടക്കുന്നു, അഭിമാന നിമിഷമെന്ന് അണിയറക്കാര്‍….

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി ടൈറ്റില്‍ വേഷത്തില്‍ എത്തിയ കായംകുളം കൊച്ചുണ്ണി വേള്‍ഡ് വൈഡ് കളക്ഷനില്‍ 70 കോടിയിലേക്ക് എത്തിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മലയാള സിനിമ കണ്ട ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലുമുണ്ട്. മലയാളം കണ്ട എക്കാലത്തേയും വലിയ റിലീസായി കേരളത്തിനു പുറമേ മറ്റ് ഇന്ത്യന്‍ സെന്ററുകളിലും യുഎഇ/ ജിസിസി സെന്ററുകളിലും ഒരുമിച്ചാണ് ചിത്രം റിലീസ് ചെയ്തത്.

25 ദിവസങ്ങള്‍ ചിത്രം പിന്നിട്ടു കഴിഞ്ഞു. ആദ്യ 12 ദിവസങ്ങളില്‍ 55 കോടിയിലെത്തിയ ചിത്രത്തിന് പിന്നീടുള്ള ദിവസങ്ങളില്‍ കേരള ബോക്‌സ് ഓഫിസില്‍ വലിയ മുന്നേറ്റം നടത്താനായിട്ടില്ല. എന്നാല്‍ കൂടുതല്‍ ആഗോള സെന്ററുകളില്‍ ചിത്രം എത്തിയതും മറ്റ് വന്‍ റിലീസുകളില്ലാത്തതും കൊച്ചുണ്ണിക്ക് തുണയായി ആദ്യ ദിനത്തില്‍ മാത്രം 9 കോടിക്കു മുകളില്‍ വേള്‍ഡ് വൈഡ് കളക്ഷനായി ലഭിച്ചിട്ടുണ്ട്.

ബോബി-സഞ്ജയ് തിരക്കഥ ഒരുക്കിയ ചിത്രം 40 കോടിക്കു മുകളില്‍ മുതല്‍ മുടക്കി ശ്രീ ഗോകുലം മൂവീസാണ് നിര്‍മിച്ചത്. പ്രചാരണത്തിനായും വന്‍ തുക ചെലവഴിച്ചതും ഒരുമിച്ചുള്ള വന്‍ റിലീസും മോഹന്‍ലാലിന്റെ സാന്നിധ്യവും ചിത്രത്തിന്റെ ആദ്യ ദിവസങ്ങളിലെ കളക്ഷനെ സ്വാധീനിച്ചു.