ബോളിവുഡ് പഴയ ബോളിവുഡ് അല്ല: ബോക്‌സ് ഓഫീസ് അടക്കി വാഴുന്നത് ഈ കൊച്ചു ചിത്രങ്ങള്‍

കച്ചവട സിനിമകളുടെ ഈറ്റില്ലം എന്ന് അറിയപ്പെടുന്ന ബോളിവുഡ് കൊല്ലങ്ങളായി പയറ്റുന്ന തങ്ങളുടെ സ്ഥിരം ഫോര്‍മുലകള്‍ മാറ്റിപിടിക്കേണ്ട സമയമായി എന്ന ശുഭസൂചനയാണ് 2018നല്‍കുന്നത്. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം ഒന്നൊഴികെ മറ്റൊന്നും അവകാശപ്പെടാനില്ലാത്ത ചിത്രങ്ങള്‍ നൂറു കോടി എന്ന ബെഞ്ച്മാര്‍ക്കില്‍ മാത്രം തളയ്ക്കപ്പെടുമ്പോള്‍, മികച്ച തിരക്കഥയും പ്രകടനങ്ങളുമായി കുറഞ്ഞ ബഡ്ജറ്റില്‍ തീര്‍ത്ത സിനിമകള്‍ ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റാവുകയാണ്. 2018ല്‍ ബോളിവുഡിലെ നൂറ് കോടി ക്ലബില്‍ ഇടംപിടിച്ച് സിനിമകള്‍ ഒന്ന് പരിചയപ്പെടാം.

സഞ്ചു

നടന്‍ സഞ്ചയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച രാജ് കുമാര്‍ ഹിരാനി ചിത്രം. പ്രേക്ഷക പ്രതീക്ഷകള്‍ക്ക് ഒപ്പം ഉയരാന്‍ സാധിച്ചപ്പോള്‍ ബോളിവുഡിലെ ഈ കൊല്ലത്തെ എന്നത് മാത്രമല്ല രണ്‍ബീര്‍ കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറി. നിരൂപക പ്രശംസയും, പ്രേക്ഷക പ്രശംസയും ഒരുപോലെ സമ്പാദിച്ച സിനിമ രണ്‍ബീര്‍ കപൂറിന്റെ തിരിച്ചുവരവായും കണക്കാക്കപ്പെട്ടു.
വിദേശ രാജ്യങ്ങളിലെ ചിത്രീകരണവും, എണ്‍പതുകളുടെ പുനരവതരണവും സിനിമയ്ക്ക് ഏതാണ്ട് നൂറ് കോടി രൂപയുടെ ചെലവാണ് സൃഷ്ടിച്ചത്. ബോക്‌സ് ഓഫീസില്‍ ഇന്ത്യയില്‍ നിന്ന് തന്നെ 342.53 കോടിയും, വേള്‍ഡ് വൈഡ് അടക്കം 586.85 കോടി രൂപ സിനിമ കൈവരിച്ചു.

പദ്മാവത്

സംവിധായകനെ കൈയ്യേറ്റം ചെയ്യുന്നത് മുതല്‍ നായികയുടെ തലയറക്കുമെന്ന് വരെയുള്ള ഭീഷണികള്‍. പദ്മാവത് റിലീസിന് മുന്‍പ് കടന്നുപോയത് വലിയൊരു അഗ്നിപരീക്ഷണം തന്നെയായിരുന്നു. സഞ്ചയ് ലീല ബന്‍സാലി ചിത്രം രാജ്പൂതുകളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് കര്‍ണി സേന പ്രവര്‍ത്തകര്‍ രാജ്യം മുഴുവന്‍ അഴിഞ്ഞാടി. ഒടുക്കം പത്മാവതി എന്ന സിനിമയുടെ പേര് പത്മാവത് എന്നാക്കി ചുരുക്കി. ഏതാനം സംസ്ഥാനങ്ങളില്‍ സിനിമയുടെ റിലീസ് തടഞ്ഞു. പടം പുറത്തിറങ്ങിയപ്പോള്‍ സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. സിനിമയിലെ ഒട്ടുമിക്ക ഭാഗങ്ങളും സെന്‍സര്‍ ബോര്‍ഡ് മുറിച്ച് മാറ്റിയതിനാലാണ് ഇത്തരം പ്രതികരണങ്ങള്‍ക്ക് കാരണമെന്ന് ഏതാനം നിരൂപകര്‍ അനുമാനിച്ചു. 215 കോടിയുടെ മുതല്‍മുടക്കില്‍ റിലീസ് ചെയ്ത ചിത്രം ഇന്ത്യയില്‍ നിന്ന് 302.15 കോടിയും, വേള്‍ഡ് വൈഡ് 585 കോടിയും നേടി.

റേസ് 3

ശത്രുക്കളെപ്പോലും ഈ ചിത്രം കാണിക്കരുത്, റേസ് 3 കണ്ട് തീയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയ സല്‍മാന്‍ ആരാധകന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്. സേഫ് അലി ഖാന്‍ നായകനായിരുന്നു റേസ് ഫ്രാഞ്ചൈസി സല്‍മാന്‍ കുളതോണ്ടിയെന്ന് ആരാധകര്‍ അടക്കം സമ്മതിച്ചു. അബ്ബാസ്-മുസ്താന്‍ സംവിധാനം ചെയ്തിരുന്ന റേസിന്റെ ആദ്യ രണ്ട് ഭാഗങ്ങള്‍ സിനിമപ്രേമികളെ ഏറെ രസിപ്പിച്ചിരുന്നു. എന്നാല്‍ മുന്നാം ഘട്ടം കൊറിയോഗ്രാഫറും, സംവിധായകനുമായ റെമോ ഡിസൂസയുടെ കൈകളിലെത്തിയപ്പോള്‍ നാലാംകിട സിനിമയാക്കി മാറ്റിയെന്ന് പ്രേക്ഷകര്‍ വിധിച്ചു. സല്‍മാന്റെ താരപ്രഭാകൊണ്ട് മാത്രം 180 കോടി മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ചിത്രം ഇന്ത്യയില്‍ നിന്ന് 166 കോടിയാണ് നേടാന്‍ സാധിച്ചത്. വേള്‍ഡ് വൈഡ് 303 കോടി സമ്പാദിച്ചു.

ബാഗി 2

കേരളത്തില്‍ ചിത്രീകരിച്ച ബാഗി ഒന്നാം ഭാഗത്തിന് ശേഷം ടൈഗര്‍ ഷ്‌റോഫിന്റെ രണ്ടാം വരവ് ബോക്‌സ് ഓഫീസിനെ തകര്‍ത്ത് മറിച്ചു. മള്‍ട്ടിപ്ലക്‌സ് പ്രേക്ഷകര്‍ക്ക് ഒപ്പം സിംഗിള്‍ സ്‌ക്രീന്‍ മാസ്സ് ഓഡിയന്‍സിനെ കൂടി തൃപ്തിപ്പെടുത്തിയതോടെ ബാഗി 2 ക്ലച്ച് പിടിച്ചു. ശരാശരി ആക്ഷന്‍ ത്രില്ലര്‍ എന്നാണ് നിരൂപകര്‍ വിലയിരുത്തിയെങ്കിലും 59 കോടി മുതല്‍മുടക്കി പുറത്തിറങ്ങിയ ചിത്രം വേള്‍ഡ് വൈഡ് 253.18 കോടിയും, ഇന്ത്യയില്‍ മാത്രമായി 164.38 കോടിയും കളക്ട് ചെയ്തു.

സ്ത്രീ

അമര്‍ കൗഷക്ക് സംവിധാനം ചെയ്ത സ്ത്രീയുടെ വിധി ഒറ്റ വെള്ളിയാഴ്ച കൊണ്ട് മാറിമറിയുകയായിരുന്നു. രാജ്കുമാര്‍ റാവു, ശ്രദ്ധ കപൂര്‍ എന്നിങ്ങനെ ചെറിയ താരനിരയില്‍ റിലീസ് ചെയ്ത ചിത്രം മൗത്ത് പബ്ലിസിറ്റി കൊണ്ടാണ് വലിയ വിജയമായി തീര്‍ന്നത്. 23 കോടിയില്‍ പൂര്‍ത്തീകരിച്ച ചിത്രം 180.76 കോടി രൂപ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി.

റാസി

പാകിസ്താന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ നിയോഗിക്കപ്പെട്ട ഇന്ത്യന്‍ ചാരപ്രവര്‍ത്തകന്റെ മകള്‍. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഉഗ്രന്‍ ത്രില്ലര്‍, ആലിയ ഭട്ടിന്റെ ഏറ്റവും മികച്ച പ്രകടനം. സ്ത്രീകേന്ദ്ര കഥാപാത്രങ്ങളായ സിനിമകള്‍ക്കും നൂറു കോടി ക്ലബ് അന്യമല്ലെന്ന് തെളിയിച്ചു. 30 കോടിയില്‍ പുറത്തിറങ്ങിയ സിനിമ 193 കോടി രൂപ കൈവരിച്ചു. ഇന്ത്യയില്‍ നിന്ന് മാത്രം 123.84 കോടിയാണ് വരുമാനം.

സോനു കെ ടിറ്റു കീ സ്വീറ്റി

പ്യാര്‍ കാ പഞ്ച്‌നാമയുടെ വിജയത്തിന് ശേഷം ലവ് ട്രയാങ്കിള്‍ പരീക്ഷണവുമായി ലവ് രഞ്ചനെത്തിയപ്പോള്‍ പ്രേക്ഷകര്‍ അത് ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ബോളിവുഡ് ആരാധകര്‍ക്ക് പ്രിയങ്കരമായ കാര്‍ത്തിക്ക് ആര്യന്റെ ഡയലോഗ് ഡെലിവറി രംഗങ്ങള്‍ സിനിമയില്‍ ആവോളം ഉപയോഗിച്ചു. 30 കോടിയില്‍ പുറത്തിറക്കിയ ചിത്രം 148.51 കോടി കരസ്ഥമാക്കി. ഇന്ത്യയില്‍ നിന്ന് മാത്രം 108.95 കോടി കളക്ട് ചെയ്തു.

ഗോള്‍ഡ്


അക്ഷയ് കുമാര്‍ നായകനായ ഗോള്‍ഡ.് ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രം പറഞ്ഞ സിനിമ. ഒരു സ്‌പോര്‍ട്‌സ് സിനിമയ്ക്ക് വേണ്ട ഉദ്യേഗജനകമായ നിമിഷങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സംവിധായകന് സാധിച്ചു. അക്ഷയ്കുമാര്‍ ഈ വര്‍ഷം നേടിയ ആദ്യ നൂറ് കോടി കളക്ഷന്‍ ഗോള്‍ഡിലൂടെയായിരുന്നു. എങ്കിലും സിനിമയ്ക്ക് അര്‍ഹതപ്പെട്ട വിജയം കൈവരിക്കാന്‍ സാധിച്ചുവെന്ന് പറാന്‍ കഴിയില്ല. 107 കോടി മുതല്‍മുടക്കില്‍ റിലീസ് ചെയ്ത സിനിമ 151. 43 കോടി രൂപ ള്‍േഡ് വൈഡ് കളക്ഷന്‍ കൈവരിച്ചു.

റെയ്ഡ്

ബോളിവുഡിലെ ഗ്യാന്റി നടനാണ് അജയ് ദേവഗണ്‍. ഒരോ സിനിമയിലും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്ന നടന്‍. റെയ്ഡും അത്തരമൊരു സിനിമയായിരുന്നു. രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്ത സിനിമയില്‍ ഐആര്‍എസ് ഓഫീസറായി അജയ് ദേവഗണ്‍ ജീവിച്ചു. ഇല്യാന ഡിക്രൂസിന്റെ സാന്നിധ്യവും, സിനിമയിലെ മികച്ച പാട്ടുകളും മൈലേജ് നല്‍കിയതോടെ 72 കോടിയില്‍ പുറത്തിറങ്ങിയ സിനിമ 145 കോടി കളക്ട് ചെയ്തു.

ബദായ് ഹോ

ശുഭ് മംഗള്‍ സാവധാന്‍, അന്ധാ ദുന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള ആയുഷ്മാന്‍ ഖുറാനയുടെ മൂന്നാം ചിത്രം ഹാട്രിക്ക് വിജയം കൈവരിച്ചു. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സിനിമ ബോക്‌സ് ഓഫീസില്‍ ഏറ്റവും വലിയ പണംവാരി സിനിമകളിലും ഇടംപിടിക്കാനായി. ബദായ് ഹോയുടെ വിജയത്തിലൂടെ ചെറിയ സിനിമകള്‍ക്ക് വലിയ ഓളം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണ് നിര്‍മ്മാതാക്കളില്‍ ഉണര്‍ത്താന്‍ സാധിച്ചത്. 29 കോടി മുതല്‍ മുടക്കില്‍ റിലീസ് ചെയ്ത സിനിമ നൂറ് കോടി ക്ലബ് പിന്നിട്ട് 200 കോടി ക്ലബില്‍ ഇടംപിടിച്ചുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.