‘കാരവനിൽ നിന്ന് ഇറങ്ങി വരുമ്പോൾ എല്ലാവരും ലാലേട്ടനെ നോക്കി അത്ഭുദം കൊള്ളുമായിരുന്നു’ – നിവിൻ പോളി

പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി ഇന്ന് തീയേറ്ററുകളിലെത്തി നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലാണ് ഇത്തിക്കര പക്കിയായി അഭിനയിക്കുന്നത് എന്ന വാര്‍ത്തകൾ പുറത്തു വന്നതു മുതല്‍ സാമൂഹിക മാധ്യമങ്ങളിൽ ഒരു ചര്‍ച്ച ആരംഭിച്ചിരുന്നു. മോഹൻലാൽ വരുന്നതോടെ നിവിന്‍ പോളിയുടെ പ്രാധാന്യം കുറഞ്ഞുപോകുമോ എന്നായിരുന്നു പല ആരാധകരുടെയും സംശയം. എന്നാല്‍ തനിക്ക് ഒരിക്കലും അത്തരത്തില്‍ തോന്നിയിട്ടില്ലെന്ന് നിവിൻ പോളി തന്നെ നേരത്തേ പറഞ്ഞിരുന്നു.161 ദിനങ്ങള്‍ എടുത്ത് ചിത്രീകരിച്ച സിനിമയില്‍ ആകെ 12 ദിവസം മാത്രമാണ് മോഹന്‍ലാല്‍ എത്തിയത്. ആ പന്ത്രണ്ട് ദിവസങ്ങള്‍ ലാലേട്ടൻ സെറ്റിലുണ്ടാക്കിയ ആവേശത്തെക്കുറിച്ച് പറയുകയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി.

“ഒരുപാട് സന്തോഷമുള്ള 12 ദിവസങ്ങളായിരുന്നു അത്. അപ്രതീക്ഷിതമായാണ് ലാലേട്ടന്‍ സിനിമയില്‍ എത്തുന്നു എന്ന് അറിഞ്ഞത്. ലാലേട്ടൻ ഷൂട്ടിന് എത്തിയ ആദ്യ ദിവസം മുതൽ ഓര്‍ക്കുന്നുണ്ട്. ലാലേട്ടന്‍ ഇത്തിക്കര പക്കിയുടെ കോസ്റ്റ്യൂം ഇട്ട് കാരവാനില്‍ നിന്ന് പുറത്തേക്കിറങ്ങി വരുമ്പോള്‍ മുഴുവന്‍ സെറ്റും ലാലേട്ടനെ നോക്കി നിൽക്കുകയായിരുന്നു. ഇത്തിക്കര പക്കി തന്നെ നടന്നുവരുന്നത് പോലുള്ള ഒരു അനുഭവം ഞങ്ങൾക്കെല്ലാം ഷൂട്ടിംഗിന് മുമ്പ് തന്നെ കിട്ടിയിരുന്നു.”

കരിയറിലെ ഏറ്റവും റിസ്ക് ഉള്ള കഥാപാത്രമാണ് കായംകുളം കൊച്ചുണ്ണിയെന്നും ഉയര്‍ന്ന ബജറ്റ് തുടക്കത്തില്‍ ചെറിയ ആശങ്ക ഉണ്ടാക്കിയിരുന്നെന്നും നിവിന്‍ പോളി പറഞ്ഞു. എന്നാല്‍ ഉയര്‍ന്ന ബജറ്റില്‍ ചെയ്തിട്ടേ കാര്യമുള്ളൂ എന്ന് റോഷന്‍ ആൻഡ്രൂസ് ആദ്യ ആലോചനയിൽ തന്നെ പറഞ്ഞിരുന്നു. ഉയര്‍ന്ന ബജറ്റിന്‍റെ ആശങ്ക സംവിധായകനുമായി അദ്ദേഹം പങ്കുവച്ചിരുന്നു. എന്നാല്‍ തന്നെ മനസ്സില്‍ കണ്ടാണ് സിനിമ ചെയ്തിരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി എന്ന് നിവിൻ പറഞ്ഞു.

45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ എടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയാണ്. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. ബാഹുബലിയുടെ നിര്‍മ്മാണ ഏകോപനം നിര്‍വ്വഹിച്ച ഫയര്‍ഫ്ളൈയാണ് കായംകുളം കൊച്ചുണ്ണിക്കും വേണ്ടി സഹകരിച്ചിരിക്കുന്നത്. ബാഹുബലി, തലാഷ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ച സതീഷാണ് കൊച്ചുണ്ണിയുടെയും ശബ്ദം ഒരുക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ടീമടക്കം ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളില്‍ സഹകരിച്ചിട്ടുണ്ട്.