ഇതൊരു അതിജീവനത്തിന്റ കഥയാണ്, ഉച്ഛനീചത്വങ്ങള്ക്കെതിരേയുള്ള പോരാട്ടത്തിന്റെ, കൊടും ചതിയുടെ, ഹൃദയം തകര്‍ക്കുന്ന നഷ്ടപ്രണയത്തിന്റെ, അതെ ഇത് കൊച്ചുണ്ണിയുടെ കഥയാണ് കായംകുളത്തെ തമ്പ്രാക്കളും നമ്മുടെ നാടിനെ അടക്കിവാഴാനെത്തിയ ഇംഗ്ലിഷുകാരും ഒന്നുപോലെ പേടിച്ച കായംകുളം കൊച്ചുണ്ണിയുടെ കഥ.
കുട്ടിക്കഥകളിലൂടെ നമ്മുടെ മനസില്‍ ഇടംപിടിച്ച കഥാപാത്രത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയെന്ന ശ്രമകരമായ ജോലി അതിന്റെ പൂര്‍ണതയില്‍ എത്തിച്ചിരിക്കുകയാണു റോഷന് ആന്‍ഡ്രൂസ്. അതുകൊണ്ട് തന്നെ ഒന്നുറപ്പിച്ചു പറയാം, ഇത് കൊച്ചുണ്ണിയുടെ റോഷന് ആന്‍ഡ്രൂസ് വേര്‍ഷനാണ്. പക്ഷേ, തനിമ ഒട്ടും ചോരാതെ മാസും ആക്ഷനും കോമഡിയും ഒക്കെ ചേരുംപടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുകയാണ് റോഷന്.
കള്ളന്റെ മകനായി ജനനം. പത്താം വയസില്‍ അല്‍പ്പം അരി കട്ടതിന് അച്ഛന് തമ്പ്രാക്കളാല്‍ ആക്രമിക്കപ്പെടുന്നു. അമ്മയുടെ നിര്‍ബന്ധപ്രകാരം നാടുവിടേണ്ടിവരുന്ന കൊച്ചുണ്ണി അന്യനാട്ടിലെത്തി സത്യസന്ധമായി ജോലിയെടുക്കുന്നതും അവിടെ വച്ചുണ്ടാകുന്ന പ്രണയവും കള്ളനാക്കപ്പെടുന്ന സഹചര്യവുമൊക്കെയായി എല്ലാവര്ക്കും പരിചിതമായ കഥ ശാന്തമായി മുന്നോട്ട്. ഇടവേളയ്ക്ക് മുമ്പ് തിയെറ്റര്‍ ഇളക്കിമറിച്ച ഇത്തിക്കര പക്കിയുടെ മാസ് എന്‍ട്രി. ഈ സമയത്തെ ഗോപി സുന്ദറിന്റെ ബിജിഎമ്മും കിടുക്കി.
രണ്ടാം പകുതി തുടങ്ങി കുറച്ചു നേരം ഇത് പക്കിയുടെ സിനിമയാണ്. പക്കി ആവേശിച്ച മോഹന്‍ലാല്‍ തന്റെ അഭിനയചാരുതകൊണ്ട് സിനിമ തന്റേതാക്കി മാറ്റുന്നു. പക്കി പോകുന്നതോടെ തിയെറ്ററും സിനിമയും വീണ്ടും ശാന്തതയിലേക്ക്. പിന്നാലെ കായംകുളത്ത് തിരിച്ചെത്തിയ കൊച്ചുണ്ണി അവിടത്തെ അടിയാളരുടെ ആശ്രയമാകുന്നു.
ഇവിടെ കൊച്ചുണ്ണി കൊടുചതിക്ക് വിധേയനാകുന്നു. ഒപ്പം നിന്നവര്‍, കൂട്ടാളികള്‍, കൂട്ടുകാര്‍, പ്രണയിച്ച പെണ്ണ്, അങ്ങനെ ആശ്രയിച്ചവരൊക്കെ ചതിച്ചപ്പോള്‍ വീണ്ടും കല്ത്തുറുങ്കലിലേക്ക്. പിന്നാലെ എത്തുന്ന മാസ് ക്ലൈമാക്സില്‍ ചിത്രത്തിന്റെ ചില ഇടവേളകളില്‍ വന്ന പല കുറവുകളും നാം മറക്കും. ഗംഭീര ആക്ഷനും ഒപ്പം അന്യായ ബിജിഎമ്മുകൂടെ ആയപ്പോള്‍ ക്ലൈമാക്സും കിടുക്കി.
പരിചിതമായ കഥയെ തൂലികയില്‍ ആവാഹിച്ച ബോബി സഞ്ജയും, ഈ കഥയെ മികച്ച രീതിയില്‍ അവതരിപ്പിച്ച റോഷന് ആന്‍ഡ്രൂസും കൈയടി അര്‍ഹിക്കുന്നു. ഇനിയങ്ങോട്ട് മലയാളിയുടെ കനവിലെ കൊച്ചുണ്ണിക്ക് നിവിന്റെ മുഖം തന്നെയാകും. ആദ്യപകുതിയില്‍ നിഷ്കളങ്കനായും രണ്ടാം പകുതിയിലെ ഹീറോ ആയും മികച്ച പ്രകടനം ആയിരുന്നു. ക്ലൈമാക്സില്‍ ഒരു മാസ് ഹീറോയ്ക്ക് ലഭിക്കുന്ന ആരവം ഉണ്ടാക്കാന്‍ നിവിനു സാധിച്ചു.
അതിഥിയെന്ന പേരിലാണെങ്കിലും സാക്ഷാല്‍ മോഹന്‍ലാല്‍ ഇതു തന്റെ സിനിമയാക്കി മാറ്റി. കൂടുതല്‍ പറയുന്നില്ല കണ്ട് മനസിലാക്കുക. ഏറെ നാളുകള്‍ക്ക് ശേഷം മികച്ചൊരു വേഷവുമായി എത്തിയ ബാബു ആന്റണി, പ്രാധാന്യമുള്ള വില്ലന്‍ കഥാപാത്രമായെത്തിയ സണ്ണി വെയിനും നല്ല പ്രകടനം കാഴ്ചവച്ചു.
നായികയായി എത്തിയ പ്രിയ ആനന്ദ്, ജാനകി എന്ന കഥാപാത്രത്തെ മനോഹരമാക്കി. ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്, തെസ്നി ഖാന് തുടങ്ങിയവരാണു ചിത്രത്തിലെ മറ്റു താരങ്ങള്‍. ബിനോദ് പ്രധാന്റെ ക്യാമറ കാഴ്ചകളും ഗോപി സുന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നന്നായിരുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ്. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണു കായംകുളം കൊച്ചുണ്ണി നിര്‍മിച്ചിരിക്കുന്നത്.