കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും ബോക്‌സ്ഓഫീസില്‍ നിന്ന് ഇതുവരെ നേടിയെടുത്തത്…

കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളിലും ഇത്തിക്കര പക്കിയായി മോഹന്‍ലാലും തിരശ്ശീലയില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ വന്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ചിത്രം ആഗോളതലത്തില്‍ ഇത് വരെ നേടിയത് ഒന്‍പത് കോടി അമ്പത്തിനാല് ലക്ഷം രൂപയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്.

ആദ്യ ദിനം ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 5 കോടി 30 ലക്ഷം രൂപയാണ് നേടിയത്. 364 തിയ്യേറ്ററുകളിലായി 1700 പ്രദര്‍ശനമാണ് ആദ്യ ദിനം നടന്നത്. ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നിവിന്‍ പോളി ചിത്രമായി മാറി കായംകുളം കൊച്ചുണ്ണി.

മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികള്‍ കരസ്ഥമാക്കിയ 2.95 കോടി എന്ന ആദ്യദിവസത്തെ നേട്ടമാണ് നിവിന്‍പോളിയും മോഹന്‍ലാലും ഒരുമിച്ച കായംകുളം കൊച്ചുണ്ണിയിലൂടെ തിരുത്തിക്കുറിച്ചത്.

കേരളത്തില്‍ മാത്രമുള്ള കണക്കുകളാണ് ഇത്. ഗള്‍ഫ്, ജിസിസി രാജ്യങ്ങളില്‍ നിന്നുമുള്ള തുക കൂടി കൂട്ടിയാല്‍ വലിയ തുകയാകും ലഭിക്കുക. 45 കോടി രൂപ മുതല്‍മുടക്കില്‍, മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് കായംകുളി കൊച്ചുണ്ണി തിയറ്റേറുകളിലെത്തിയത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്തു നടക്കുന്ന കഥയ്ക്ക് സെറ്റൊരുക്കാന്‍ വേണ്ടി മാത്രം 12 കോടി രൂപയാണ് ചെലവായത്. നായകനായ നിവിന്‍ പോളിയുടെ ജന്മദിനമായ ഒക്ടോബര്‍ 11നാണ് ചിത്രം റിലീസ് ചെയ്തത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്നത് ഒരു പ്രധാന ആകര്‍ഷണമായിരുന്നു.

161 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കായംകുളം കൊച്ചുണ്ണിയുടെ മുതല്‍മുടക്കിന്റെ ഏറെക്കുറെ നേരത്തെ തന്നെ തിരിച്ചു പിടിച്ചു കഴിഞ്ഞെന്നാണ് പുറത്ത് വന്ന വാര്‍ത്തകള്‍. വിതരണം, സാറ്റലൈറ്റ്, ഓവര്‍സീസ് അവകാശങ്ങള്‍ വഴിയാണ് ഈ തുക തിരിച്ചു പിടിച്ചതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

തിരക്കഥ രചിച്ചിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. സഹ നിര്‍മ്മാതാക്കള്‍. വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, സംഗീതം. ഗോപി സുന്ദര്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, ക്യാമറ. ബിനോദ് പ്രധാന്‍, വരികള്‍. ഷോബിന്‍ കണ്ണങ്കാട്ട്, റഫീക്ക് അഹമ്മദ്, ചമയം. രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം. ധന്യാ ബാലകൃഷ്ണന്‍, കലാസംവിധാനം. സുനില്‍ ബാബു, ആര്‍ട്ട് ഡയറക്ടര്‍. വൈഷ്ണവി റെഡ്ഡി, ശബ്ദം. പി എം സതീഷ്, മനോജ് എം ഗോസ്വാമി, ആക്ഷന്‍ ഡയറക്ടര്‍. അലന്‍ ആമേന്‍, ദിലീപ് സുബ്ബരായന്‍, രാജശേഖര്‍, നൃത്തസംവിധാനം. രാജു ഖാന്‍, വിഷ്ണു ദേവ, വിതരണം. ഗോകുലം മൂവീസ്.