സംവിധായകനെതിരെ #MeeToo ആരോപണവുമായി നടി അമലപോളും….

തമിഴ് സംവിധായകന് എതിരെ മീടു ആരോപണവുമായി നടി അമലപോളും. ‘തിരുട്ടുപയലെ 2’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സംവിധായകന്‍ സൂസി ഗണേശന്‍ മോശമായി പെരുമാറിയെന്നാണ് അമല പോള്‍ വെളിപ്പെടുത്തിയത്. ഇയാള്‍ക്ക് എതിരെ സംവിധായിക ലീന മണിമേഖല ആരോപണമുന്നയിച്ചതിനെ പിന്തുണച്ചാണ് അമലയുടെ വെളിപ്പെടുത്തല്‍.

സ്ത്രീകളോട് ബഹുമാനക്കുറവും ധാര്‍മ്മിക മൂല്യങ്ങളില്ലാത്തയാളാണ് സൂസി ഗണേശനെന്ന് വാര്‍ത്താക്കുറിപ്പില്‍ അമലപോള്‍ പറയുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ദ്വയാര്‍ത്ഥ സംസാരവും, ഓഫറുകളും, ശരീരത്തില്‍ സ്പര്‍ശിക്കാനുള്ള ശ്രമവും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായതായി അമലപോള്‍ പറയുന്നു. ആ സമയത്ത് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നും അമല വ്യക്തമാക്കി.

ലീനയ്ക്ക് സൂസി ഗണേശനില്‍ നിന്നും നേരിടേണ്ടി വന്ന മോശം പെരുമാറ്റം തനിക്ക് ഊഹിക്കാവുന്നതേയുള്ളൂവെന്നും ആ പരാതി സത്യമാണെന്നും അമല പറയുന്നു.

ഇത്തരം സംഭവങ്ങള്‍ ചലച്ചിത്ര മേഖലയില്‍ മാത്രമല്ല, എല്ലാ തൊഴിലിടങ്ങളിലും വര്‍ദ്ധിച്ചു വരികയാണ്. സൂസി ഗണേശനെ പോലെയുളളവര്‍ കുടുംബത്തിലുള്ള സ്ത്രീകളോട് പെരുമാറുന്നത് പോലെയല്ല, കൂടെ തൊഴില്‍ ചെയ്യുന്ന സത്രീകളോട് പെരുമാറുന്നത്. സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് മേള്‍ ആധിപത്യം കാണിക്കാനുള്ള ഒരു അവസരവും അവര്‍ നഷ്ടപ്പെടുത്തില്ല. ഇത്തരം കടന്നാക്രമണങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കണം. ഭരണകൂടവും നിയമവ്യവസ്ഥയും വിഷയത്തില്‍ ഇടപെടല്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂസി ഗണേശനില്‍ നിന്നും നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെ കുറിച്ചായിരുന്നു ലീന മണിമേഖല വെളിപ്പെടുത്തിയത്. 2005ല്‍ സൂസി ഗണേശന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ലീന മണിമേഖലയുടെ ആരോപണം. ഒരു അഭിമുഖത്തിന്റെ ചീത്രീകരണം കഴിഞ്ഞ് പോകവേ തന്നെ സൂസി ഗണേശന്റെ അപ്പാര്‍ട്‌മെന്റിലേക്ക് നിര്‍ബന്ധമായി കൊണ്ട് പോയി. പിന്നീട് പോക്കറ്റ് കത്തി കാണിച്ചാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നുമാണ് ലീന വെളിപ്പെടുത്തിയത്. ലീന മണിമേഖലയെ പിന്തുണച്ചതിന് നടന്‍ സിദ്ധാര്‍ത്ഥന് എതിരെ സൂസി ഗണേശന്‍ വധഭീഷണി മുഴക്കിയതായും ആരോപണങ്ങളുണ്ടായിരുന്നു.

അമലപോള്‍ തന്നെ പിന്തുണച്ചതിന് നന്ദിയുണ്ടെന്നും അവരുടെ വാക്കുകള്‍ തനിക്ക് കൂടുതല്‍ ശക്തി തരുന്നുണ്ടെന്നും ലീന മണിമേഖല പ്രതികരിച്ചു.