കേരളത്തില്‍ നിന്ന് ഒരു വിജയ്‌ സേതുപതി ചിത്രം ഇത്രയും വലിയ കളക്ഷന്‍ നേടുന്നത് ഇതാദ്യം….

വിജയ് സേതുപതി തൃഷ ചിത്രം “96” കേരളത്തില്‍ നിന്ന് 6.70 കോടി കളക്ഷന്‍ നേടി. പതിനാറു ദിവസംകൊണ്ടാണ് ഇത്രയും കളക്ഷന്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയത്. വിജയ് സേതുപതി-തൃഷ താരജോഡി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 96. ഒരു കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. സഹപാഠികളായിരുന്ന വിജയ് സേതുപതിയും തൃഷയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും 96 ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

കോയമ്ബത്തൂരിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ആദ്യലുക്ക് പോസ്റ്ററുകള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രാഹകന്‍ സി പ്രേംകുമാറിന്‍റെ സംവിധായകനായുള്ള അരങ്ങേറ്റം കൂടിയാണ് 96. തൈക്കൂടം ബ്രിഡ്ജിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് മേനോന്‍ ഈണം പകര്‍ന്ന ഗാനങ്ങളെല്ലാം ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു.