‘സ്പടികം 2 ഇറക്കുക തന്നെ ചെയ്യും – ബിജു കെ. കട്ടക്കൽ

മലയാളത്തിലെ ക്ലാസിക് ചിത്രം സ്പടികത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത അത്ര ആവേശത്തോടെയല്ല ആരാധകർ സ്വീകരിച്ചത്. ബിജു കെ. കട്ടക്കൽ ആണ് സ്പടികത്തിന് രണ്ടാം ഭാഗവുമായി വരാൻ തയ്യാറെടുക്കുന്നത്. ഈ തീരുമാനത്തിന് എതിരെ ശക്തമായ പ്രതിഷേധം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും അരങ്ങേറുന്നത്. എന്നാൽ, എന്ത് സംഭവിച്ചാലും രണ്ടാം ഭാഗം ഇറക്കുക തന്നെ ചെയ്യും എന്നാണ് ബിജുവിന്റെ പക്ഷം.

സ്പടികം 2 – ഇരുമ്പൻ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രം ആട് തോമയുടെ മകന്റെ കഥയാണ് പറയുന്നത്. സ്പടികത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായി സണ്ണി ലിയോൺ എത്തുമെന്നും സംവിധായകൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രസ്താവിച്ച സംവിധായകൻ ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം പോസ്റ്ററും പുറത്തിറക്കിയിരിക്കുകയാണ്.

“അപ്പൊ കഴിഞ്ഞത് കഴിഞ്ഞു, ഇനിയും ഇത് തുടര്‍ന്നാല്‍ പാതിരാത്രി 12 മണിക്ക് വഴിയോരത്തെ തെരുവ് വിളക്കിന്റെ ചുവട്ടിൽ ഇരുത്തി നിന്നെക്കൊണ്ടൊക്കെ ഞാന്‍ ഒപ്പീസു പാടിക്കും”… എന്നാണ് പുതിയ പോസ്റ്ററിലെ ഡയലോഗ്. ഫേസ്ബുക്കിലാണ് ചിത്രത്തിന്റെ പോസ്റ്റർ സംവിധായകൻ പങ്ക് വെച്ചത്.

ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നതിന് എതിരെ ഒന്നാം ഭാഗത്തിന്റെ സംവിധായകൻ ഭദ്രൻ തന്നെ പ്രതിഷേധവുമായി നേരത്തെ രംഗത്ത് എത്തിയിരുന്നു. സ്പടികം ഒന്നേ ഉള്ളുവെന്നും അത് സംഭവിച്ചു കഴിഞ്ഞു എന്നുമായിരുന്നു ഭദ്രന്റെ പ്രസ്താവന. എന്നാൽ അതിനെ മറികടന്നു കൊണ്ടാണ് രണ്ടാം ഭാഗത്തിന്റെ തയ്യാറെടുപ്പുകൾ നടത്തി വരുന്നത്.