സ്റ്റൈലാണ് വരത്തന്‍…

മലയാളത്തില്‍ അതുവരെ പതിവില്ലാതിരുന്ന, സ്റ്റൈലിഷായ, ഛായാഗ്രഹണഭംഗിയില്‍ ഊന്നിയുള്ള ദൃശ്യഭാഷയാണ് ആദ്യ സിനിമയില്‍ തന്നെ അമല്‍ നീരദെന്ന അപൂര്‍വ്വമായ പേരിനെ സമാനതകളില്ലാത്തവിധം യുവതലമുറയ്ക്ക്  പ്രിയങ്കരമാക്കിയത്. എന്നാല്‍, തന്നെത്തന്നെ അനുകരിച്ചും തീര്‍ത്തും ദുര്‍ബലമായ ആഖ്യാനങ്ങളെ അവതരിപ്പിച്ചും വിദേശസിനിമകളെ ഓര്‍മ്മിപ്പിച്ചും കയ്യടികളെക്കാളേറെ വിമര്‍ശനങ്ങളാണ് ഇക്കാലയളവില്‍ ബഹുഭൂരിപക്ഷം അമല്‍ നീരദ് സിനിമകളും മാധ്യമ-നിരൂപക സഖ്യങ്ങളില്‍ ഉണ്ടാക്കിയത്. അപ്പോഴും നീരദിയന്‍ ശൈലിക്ക് ആരാധകര്‍ കൂടുക മാത്രമേ ഉണ്ടായുള്ളൂവെന്ന് തോന്നുന്നു.

നാടകപ്രവര്‍ത്തകനായ ഗോപൻ ചിദംബരത്തിന്‍റെ തിരക്കഥയില്‍ പുറത്തുവന്ന ‘ഇയ്യോബിന്‍റെ പുസ്തക’മായിരിക്കണം പക്വതയാര്‍ന്ന, കുറെയേറെ സര്‍വ്വസമ്മതനായ അമല്‍ നീരദിനെ അവതരിപ്പിക്കുന്നത്. ‘സി.ഐ.എ’ എന്നൊരു സിനിമകൂടി ഇടയ്ക്ക് വന്നുവെങ്കിലും ഇയ്യോബില്‍ നിറുത്തിയിടത്ത് നിന്ന് അമല്‍ നീരദ് തുടരുന്നത് ‘വരത്തനി’ലാണ്.

കേരളത്തില്‍ ജീവിക്കുന്ന ഏതൊരു ആണിനും പെണ്ണിനും ഒരുപോലെ പിടികിട്ടുന്ന, അവര്‍ അനുഭവിക്കുന്ന ഒരു വിഷയത്തില്‍ ഊന്നിയാണ് വരത്തന്‍റെ നില്‍പ്പ്. അന്യനിലും അന്യന്‍റെ ശരീരത്തിലും അന്യന്‍റെ ജീവിതത്തിലേയ്ക്കുമുള്ള
എത്തിനോട്ടം.

തന്‍റെ കംഫര്‍ട്ട് സോണുകളിലും ഇഷ്ടനിര്‍മ്മിതികളിലും-രീതികളിലും കഥാവേളയില്‍ പെട്ടെന്ന് അഭിരമിക്കാനും ആവര്‍ത്തിക്കാനുമുള്ള ആവേശങ്ങളാണ് പല അമല്‍ നീരദ് സിനിമകളുടെയും വാസ്തുപ്രകാരമുള്ള ലക്ഷണക്കേടെന്ന് പറയാം. ഇമോഷനില്ലാതെ പ്രേക്ഷകനിലേയ്ക്കെത്തുന്ന സ്റ്റൈല്‍, പൊട്ടാതെ പോകുന്ന കതിനയാകുന്നു.

‘വരത്തനി’ലെ കഥാപാത്രങ്ങളെയും പരിസരങ്ങളെയും സാമാന്യം സമയമെടുത്താണ് അവതരിപ്പിക്കുന്നത്. അങ്ങനെയുള്ള കെട്ടുറപ്പാണ് ചിത്രത്തിന്‍റെ ഫൈനല്‍ ആക്ടില്‍ കാണികള്‍ക്കിടയില്‍ കയ്യടികളായി മാറുന്നത്. മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷായ, ഇഫക്ടീവായ മാസ് സീനുകളിലൊന്ന് ഈ ചിത്രത്തിലാണെന്ന് നിസംശയം പറയാം…

ഒരു വിദേശിയെ വിവാഹം ചെയ്ത സുഹൃത്ത് കൊച്ചിയില്‍ വെച്ച് പറഞ്ഞത് ഇപ്പോഴും കാതിലുണ്ട് “കൊച്ചി, സക്സ് ടാ..!’ കൊച്ചി മാത്രമല്ലാ കേരളത്തിലെ ഏത് സ്ഥലനാമങ്ങളെയും സാധാരണ നിലയ്ക്ക് അവിടെ ചേര്‍ത്ത് വെയ്ക്കാനാകും. അതുകൊണ്ട് തന്നെ സിനിമ കണ്ട ബഹുഭൂരിപക്ഷവും അവരുടെ പെങ്ങള്‍ക്കും കാമുകിയ്ക്കും ഭാര്യയ്ക്കും കൂടിയാണ് അവസാനം കയ്യടിച്ചതെന്ന് തോന്നുന്നു.

 

ഷാജി .ടി. യു