ശിവകാർത്തികേയന്റെ സീമരാജ അദ്യദിനം 13.5 കോടി കളക്ഷൻ. പിന്നിലാക്കിയത് സൂപ്പർതാര ചിത്രങ്ങളെ..

തമിഴിലെ ജനപ്രിയ താരങ്ങളിൽ ഒരാളാണ് ശിവകാർത്തികേയൻ. തമിഴ് ഓഡിയൻസിന്റെ പൾസ് അറിഞ്ഞു സിനിമ തിരഞ്ഞെടുക്കുന്നതിൽ ശിവകാർത്തികേയൻ ഒരു പിടി മുന്നിലാണ്. ശിവകാർത്തികേയന്റെ പുതിയ ചിത്രം സീമരാജയും ബോക്‌സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. ആദ്യ ദിനം ചിത്രം നേടിയിരിക്കുന്നത് 13.5 കോടി രൂപയാണ്. ശിവകാർത്തികേയൻ ചിത്രങ്ങളിലെ ഏറ്റവും വലിയ റെക്കോർഡ് കൂടിയാണ് ഇത്.

550 സ്ക്രീനുകളിൽ നിന്നും മാത്രമാണ് സീമരാജ ഈ കളക്ഷൻ സ്വന്തമാക്കിയത്. മാത്രമല്ല, ചിത്രത്തിന്റെ മോർണിംഗ് ഷോ പലയിടത്തും സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെട്ടിരുന്നു. ചെന്നൈ സിറ്റിയിൽ നിന്ന് മാത്രം ഒരു കോടിക്ക് മുകളിൽ ആണ് ചിത്രം അദ്യദിനം നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നും മികച്ച കളക്ഷനും അഭിപ്രായവും ആണ് ചിത്രം നേടുന്നത്.

പൊൻറം സംവിധാനം നിർവഹിച്ച ചിത്രത്തിൽ സാമന്തയാണ് ശിവകാർത്തികേയന്റെ നായികയായി എത്തുന്നത്. മറ്റെന്തിനേക്കാളും പ്രജകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും എന്നാൽ ചതികളിൽ അകപ്പെടുകയും ചെയ്ത ഒരു രാജാവിന്റെ കഥയാണ് ചിത്രം പറയുന്നത്.