കേരളത്തിന് വീണ്ടും സഹായഹസ്തവുമായി സണ്ണി ലിയോൺ…..

പ്രളയക്കെടുതിയിൽ തകർന്ന കേരളത്തിന് വീണ്ടും സഹായഹസ്തവുമായി ബോളിവുഡ് താരം സണ്ണി ലിയോൺ. കേരളത്തിനായി അഞ്ച് കോടി രൂപയുടെ സഹായം നല്‍കി എന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാൽ, നൽകിയ തുക എത്രയെന്ന് വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് സണ്ണി തന്നെ പിന്നീട് പറഞ്ഞിരുന്നു. ഇതിനുശേഷമാണ് ഇപ്പോൾ കേരളത്തിന് കൂടുതൽ സഹായവുമായി താരം രംഗത്ത് വന്നിരിക്കുന്നത്.

സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും കേരളത്തിലേക്ക് അരിയും പരിപ്പും കൊടുത്തയച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രം താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്ക് വെച്ചിരിക്കുകയാണ്. 1200 കിലോ അരിയും പരിപ്പുമാണ് സണ്ണി ലിയോൺ കേരളത്തിലേക്ക് കയറ്റി അയച്ചത്.

“കുറച്ചു പേര്‍ക്കെങ്കിലും ഭക്ഷണം നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്കറിയാം ഇത് വളരെ ചെറുതാണെന്ന്. കേരളത്തിന് ഇനിയും സഹായം നല്‍കാനാണ് ആഗ്രഹിക്കുന്നത്. വലിയ ഒരു സംരംഭത്തിലെ ചെറിയൊരു ഭാഗം മാത്രമാണിത്. കേരളത്തിനെ സഹായിക്കാനായി ജുഹുവിൽ പരിപാടി സംഘടിപ്പിച്ചവര്‍ക്ക് നന്ദി. നിങ്ങള്‍ അത്ഭുതപ്പെടുത്തുന്നു”-സണ്ണി ലിയോണ്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.