അമ്മയ്ക്ക് എതിരല്ല ഡ​ബ്ലുസിസി; നിലപാട് മയപ്പെടുത്തി പത്മപ്രി‍യ….

അമ്മയും വിമന്‍ ഇന്‍ സിനിമാ കലക്ടീവും തമ്മിലുള്ള പ്രശ്നം വേഗം പരിഹരിക്കാനാകുമെന്ന് പദ്മപ്രിയ. അമ്മയ്ക്ക് എതിരല്ല വുമന്‍ ഇന്‍ സിനിമ കലക്റ്റീവ്. ലിംഗ വിവേചനത്തിനെതിരെയും തുല്യനീതിക്ക വേണ്ടിയുമുള്ള പോരാട്ടമാണ്നടത്തുന്നത്. അമ്മയ്ക്ക് എതിരെയാണ് ഡബ്ല്യുസിസി എന്ന നിരീക്ഷണം ശരിയല്ല. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നാഭിപ്രായമാണ് നിലനില്‍ക്കുന്നത്. ജനാധിപത്യപരമായ ഈ അഭിപ്രായത്തെ മാനിച്ച് തുറന്ന ചര്‍ച്ചയുണ്ടാകണമെന്നും പത്മപ്രിയ ആവശ്യപ്പെട്ടു.

ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ പരിക്ഷമായി വിമര്‍ശിച്ച് വനിതാ സംഘടനായ വിമണ്‍ ഇന്‍ സിനിമാകളക്റ്റീവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനം അങ്ങേയറ്റം നിരാശാജനകമായിരുന്നെന്ന് വ്യക്തമാക്കി തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഡബ്ല്യൂസിസി ഇക്കാര്യം വ്യക്തമാക്കിയത്.

നടി അക്രമിക്കപ്പെട്ട വിഷയമടക്കം സാങ്കേതികത്വം പ്രശ്നമാക്കി മാറ്റാനുള്ള ശ്രമം ആശങ്കാ ഉണ്ടാക്കുന്നതാണ്. കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ ആലോചിക്കുമ്പോള്‍ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയില്‍ തുടരുന്നതിലെ പ്രശ്നം കണക്കിലെടുക്കാത്തത് ഖേദകരമാണെന്നും സംഘടന ആരോപിച്ചിരുന്നു.