വാരണം ആയിരത്തിന് ശേഷം സൂര്യ – ഗൗതം മേനോൻ കൂട്ടുകെട്ട് വീണ്ടും !! ഷൂട്ടിംഗ് അടുത്ത വർഷം തുടങ്ങുമെന്ന് സൂചന…

ഗൗതം മേനോൻ – സൂര്യ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഹിറ്റുകൾ മാത്രം തന്നിട്ടുള്ള കോംബോ വീണ്ടും വരുമ്പോൾ രണ്ടുപേരുടെയും ഫാൻസും ഒപ്പം സിനിമാപ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. 2003ല്‍ പുറത്തിറങ്ങിയ ‘കാക്ക കാക്ക’ എന്ന ചിത്രത്തിലൂടെയായിരുന്നു ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചത്. കാക്ക കാക്കയ്ക്ക് ശേഷം ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘വാരണം ആയിരം’. സൂര്യയുടെ കരിയറില്‍ ഏറെ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു അത്.

വാരണം ആയിരത്തിനു ശേഷം സൂര്യ – ഗൗതം മേനോൻ ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. നേരത്തെ ധ്രുവനച്ചത്തിരം എന്ന സിനിമയ്ക്കായി ഈ കൂട്ടുകെട്ട് ഒന്നിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും സൂര്യ ഈ ചിത്രത്തില്‍ നിന്നും പിന്മാറുകയാണ് ഉണ്ടായത്.

ഇപ്പോഴിതാ സൂര്യ – ഗൗതം മേനോന് ചിത്രത്തെ കുറിച്ച് വീണ്ടും വാർത്തകൾ സജീവമായിരിക്കുകയാണ്. സൂര്യയുടെ 39ാമത്തെ ചിത്രത്തിലൂടെയായിരിക്കും ഈ കൂട്ടുകെട്ട് ഒന്നിക്കുക എന്നാണറിയുന്നത്. സംവിധായകന്‍ തന്നെയാണ് ഇതേക്കുറിച്ച്‌ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയത്. അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.