“തങ്ങളുടെ ജീവിതം കണ്ണാടിയില്‍ കണ്ട അനുഭവമാണ് ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ സമ്മാനിച്ചത്”: അഞ്ജലി അമീര്‍

ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമെന്ന വിശേഷണത്തോടെയാണ് ‘ഞാൻ മേരിക്കുട്ടി’ റിലീസിനൊരുങ്ങുന്നത്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ട്രാൻസ് സെക്ഷ്വൽ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ജുവൽ മേരി, ജോജു ജോർജ്, അജു വർഗീസ്, ഇന്നസെന്റ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് കൂട്ടുകെട്ടാണ് രഞ്ജിത് ശങ്കർ- ജയസൂര്യ.

“ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട് കണ്ണു നിറഞ്ഞെന്നും തങ്ങളുടെ ജീവിതം കണ്ണാടിയില്‍ കണ്ട അനുഭവമാണ് ഞാന്‍ മേരിക്കുട്ടിയുടെ ട്രെയയിലര്‍ സമ്മാനിച്ചതെന്നും ട്രാന്‍സ് ജെന്‍ഡര്‍ നടി അഞ്ജലി അമീര്‍ പറഞ്ഞു. മേരിക്കുട്ടിയിലെ വീഡിയോ കണ്ടപ്പോ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. ഞങ്ങളോരുത്തരുടെയും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഒരു കണ്ണാടിയിലെന്ന പോലെ കാണാന്‍ കഴിഞ്ഞു. എന്തോ ജയേട്ടനോടും രഞ്ജിത്തേട്ടനോടും ഒരുപാട് ഇഷ്‌ടം കൂടി. ജൂണ്‍ 15നായ് ഒത്തിരി ആകാംക്ഷയോടെ കാത്തിരിക്കുന്നു . എന്റെ എല്ലാ വിധ ആശംസകളും മേരിക്കുട്ടിയുടെ എല്ലാ ക്രൂവിന് നൽകുന്നു – അഞ്ജലി പറഞ്ഞു.