അമ്മയെ കാണാൻ തോന്നിയാൽ ഇനി കീർത്തിയുടെ അരികിലേക്ക് വരും..മഹാനടി കണ്ട് വികാരാധീതയായി സാവിത്രിയുടെ മകൾ..

തെലുങ്കിലെ പ്രമുഖ നടിയായിരുന്ന സവിതൃയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമായിരുന്നു മഹാനടി. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസായത്. ആദ്യ ദിവസം തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിയ ചിത്രത്തിനെ എസ് എസ് രാജമൗലി അടക്കമുള്ള മറ്റു സിനിമാ പ്രവർത്തകരും പുകഴ്ത്തിയിരുന്നു. കീർത്തി സുരേഷാണ് ഈ ചിത്രത്തിൽ സാവിത്രിയായി എത്തിയത്. കീർത്തിയുടെ പ്രകടനം കണ്ട് പലർക്കും പഴയ സാവിത്രിയുടെ ഓർമ്മകൾ മനസ്സിലുണ്ടായി. യഥാർത്ഥ സാവിത്രിക്ക് തിരികെ ജീവൻ ലഭിച്ചതായി തോന്നിയെന്നും പലരും പറഞ്ഞിരുന്നു. ഇന്നലെ സാവിത്രിയുടെ മകൾ വിജയ ചാമുണ്ഡേശ്വരി ചിത്രം കാണാൻ എത്തിയിരുന്നു. ചിത്രം കണ്ട വിജയ വികാരഭരിതയാകുകയാണ് ഉണ്ടായത്.

വിജയ ചിത്രം കണ്ടത് നിറകണ്ണുകളോടെയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തിയേറ്ററിലെ വലിയ സ്‌ക്രീനിൽ കീർത്തിയെകണ്ടപ്പോൾ സ്വന്തം അമ്മയെ ഓർമ്മവന്നുവെന്നും, പിന്നീട് കീർത്തിക്ക് ഒരു സന്ദേശവും അയച്ചുവെന്നുമാണ് പുതിയ റിപ്പോർട്ട്. തനിക്ക് ഇനി എപ്പോൾ അമ്മയെ കാണണം എന്ന് തോന്നിയാലും കീർത്തിയുടെ അരികിലേക്ക് ചെല്ലും എന്നായിരുന്നു ആ സന്ദേശമെന്നും റിപ്പോർട്ടുകൾ പറയുന്നു. മഹാനടിയുടെ ചിത്രീകരണ വേളയിലും വിജയ സെറ്റിലുണ്ടായിരുന്നു. കീർത്തിയെ കണ്ട വിജയ പലപ്പോഴും സെറ്റിൽ വെച്ചും വൈകാരികമായി പെരുമാറാറുണ്ടായിരുന്നുവെന്നും അണിയറ പ്രവർത്തകർ പറയാഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതം ഈ ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്. മലയാളി താരം ദുൽഖർ സൽമാനാണ് ജെമിനി ഗണേശനായി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ദുൽഖറിന്റെ പ്രകടനത്തിനും ധാരാളം പ്രശംസകൾ ലഭിക്കുന്നുണ്ട്.