ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ഷെയിൻ നിഗം ടീം ഒന്നിക്കുന്ന കുമ്പളങ്ങി നൈറ്റ്സ്…

മലയാള സിനിമ പ്രേമികൾക്ക് വളരെ അധികം സന്തോഷമുണ്ടാക്കുന്ന ഒരു വാർത്ത ഇപ്പോൾ ഒഫീഷ്യലായി പുറത്തുവന്നിരിക്കുമായാണ്. മലയാള സിനിമയിലെ മികവുറ്റ സംവിധായകനായ ദിലീഷ് പോത്തനും തിരക്കഥാകൃത്തായ ശ്യാം പുഷ്ക്കരനും നിർമ്മാതാക്കളാകാൻ ഒരുങ്ങുകയാണ്. ദിലീഷ് പോത്തന്റെ സഹായിയായി പ്രവർത്തിച്ചിരുന്ന മധു സി നാരായണൻ ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് നിർമ്മാണ രംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പ്. യുവ നടൻ ഷെയ്ൻ നിഗമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അൽപം സമയം മുൻപ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവരികയുണ്ടായി.

ദിലീഷ് പോത്തൻ തന്റെ ഫേസ്‌ബുക്കിലൂടെയാണ് ഈ പോസ്റ്റർ പുറത്തുവിട്ടത്. വർക്കിങ് ക്ലാസ് ഹീറോ എന്നാണ് പുതിയ നിർമ്മാണ സംരഭത്തിന് നൽകിയിരിക്കുന്ന പേര്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന ബാനറും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കുചേരുന്നുണ്ട്. ഇടുക്കി ഗോൾഡ്, മഹേഷിന്റെ പ്രതികാരം, മായനദി തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ശ്യാം പുഷ്ക്കരനാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ ഒരു കഥാപാത്രമായി എത്തുമെന്നും പോസ്റ്റാറിനൊപ്പമുള്ള കുറിപ്പിൽ അദ്ദേഹം പറയുന്നു. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സൈജു ശ്രീധരൻ ചിത്രസംയോജനം നിർവഹിക്കുന്നു. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, മാത്യു തോമസ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ.