ദുൽഖർ സൽമാന്റെ മികച്ച പ്രകടനം.. മഹാനടി മനം നിറയ്ക്കുന്നു.. റിവ്യൂ വായിക്കാം..

കീർത്തി സുരേഷും ദുൽഖർ സൽമാനും ചേർന്ന് ആദ്യമായി അഭിനയിക്കുന്ന ചിത്രമായ മഹാനടി ഇന്ന് കേരളത്തിൽ റിലീസാകുകയുണ്ടായി. മെയ് 9 നു ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്തിരുന്നു. ആദ്യ ഷോ മുതൽ പ്രേക്ഷകരും നിരൂപകരും ചിത്രത്തിനെകുറിച്ച് മികച്ച അഭിപ്രായമാണ് പ്രകടിപ്പിച്ചത്. തെലുങ്ക് സിനിമയിലെ പ്രമുഖർ ഉൾപ്പടെയുള്ളവർ ചിത്രത്തിനെ വാനോളം പുകഴ്തുകയുണ്ടായി. വിദേശ രാജ്യമായ അമേരിക്കയിലും ചിത്രം ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. സാവിത്രി എന്ന തെലുങ്ക് നടിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിന്റെ വിശദമായ റിവ്യൂവിലേക്ക് കടക്കാം.

കീർത്തി സുരേഷാണ് നായികയായ സാവിത്രിയുടെ വേഷം അണിഞ്ഞത്. വളരെ ഭംഗിയായി തന്റെ കഥാപാത്രത്തെ കൊണ്ടുപോകാൻ കീർത്തിക്ക് സാധിച്ചു. ജെമിനി ഗണേശനായി എത്തുന്ന ദുൽഖർ സൽമാന്റെ ആദ്യ തെലുങ്ക് ചിത്രമാണെങ്കിൽകൂടി ഭാഷയുടെ യാതൊരുവിധ പ്രശ്നങ്ങളും കാണാൻ സാധിച്ചില്ല. ദുൽഖറിന്റെ മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിലേത് എന്ന് പറയാൻ സാധിക്കും. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങിയത്. സമാന്ത, പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട, ശാലിനി പാണ്ഡെയ് തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

ചിത്രത്തിന്റെ കഥ യാഥാർത്ഥത്തിൽ സംഭവിച്ചതായത്കൊണ്ട് ഭൂരിപക്ഷം ആളുകൾക്കും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ധാരണ ഉണ്ടായിരുന്നു. ഇത്രെയും പ്രശസ്തയായ ഒരു നടിയുടെ കഥ സിനിമയാക്കുമ്പോൾ ഉണ്ടാകാവുന്ന പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് വൃത്തിയായി മഹാനടി പൂർത്തിയാക്കിയിരിക്കുകയാണ് നാഗ് അശ്വിൻ എന്ന സംവിധായകൻ. നൂറു ശതമാനം ചിത്രത്തിനോട് നീതി പുലർത്താൻ സംവിധായകൻ ശ്രെമിച്ചിട്ടുണ്ട്. പഴയ കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രമായതിനാൽ ധാരാളം സൂക്ഷ്മമായ ഡീറ്റെയിലിങ്ങുകൾ ചിത്രത്തിൽ കാണാൻ സാധിക്കും. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അഭിനന്ദനങൾ അർഹിക്കുന്നു.

ഡാനി സാഞ്ചേസ് ലോപസ് എന്ന ഛായാഗ്രാഹകൻ വളരെ ഭംഗിയായി ചിത്രം ഷോട്ടുകളിൽ ഒപ്പി എടുത്തിരിക്കുന്നു. ചിത്രത്തിന്റെ കാലഘട്ടത്തിനെ വീണ്ടും വാർത്തെടുക്കുവാൻ ഛായാഗ്രാഹകൻ ഉപയോഗിച്ച നിറങ്ങൾ അതിഗംഭീരമായിരുന്നു. മിക്കി ജെ മേയർ വളരെ വൃത്തിയായി സംഗീതം ഒരുക്കിയിട്ടുണ്ട്.

സാധാരണ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ അവതരണം. സാവിത്രി എന്ന നടിയോടും, ഇന്ത്യൻ സിനിമയോടും നീതി പുലർത്തിയ ചിത്രമാണ് മഹാനടി. തീർച്ചയായും തിയേറ്ററുകളിൽ തന്നെ കണ്ട് ആസ്വദിക്കേണ്ട ചിത്രമാണ് മഹാനടി.