ചലച്ചിത്ര താരം കലാശാല ബാബു അന്തരിച്ചു..

മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ വളരെ അധികം ശ്രദ്ധേയനായ നടൻ കലാശാല ബാബു (68) അന്തരിച്ചു. രാത്രി 12.35നായിരുന്നു അന്ത്യം. എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹം കുറച്ചു കാലമായി രോഗബാധിതനായ അവസ്ഥയിലായിരുന്നു. പ്രശസ്ത കഥകളി ആചാര്യനായിരുന്ന, പത്മശ്രീ ജേതാവുമായ കലാമണ്ഡലം കൃഷ്ണൻ നായരുടെയും മോഹിനിയാട്ടത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനായിരുന്നു ബാബു. നാടക വേദികളിലൂടെയാണ് അദ്ദേഹം തന്റെ അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത്.

ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ഇണയെത്തേടി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. പിന്നീട് ധാരാളം മലയാള സിനിമകളിൽ ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാള സിനിമയിലെ യുവ സംവിധായകർക്കൊപ്പം വരെ അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. നാടകത്തിലും അദ്ദേഹം വളരെ സജീവമായിരുന്നു. സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. വില്ലൻ, കാരണവർ, രാഷ്ട്രീയ നേതാവ് എന്നീ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് വളരെ പരിചിതമായ മുഖമാണ് അദ്ദേഹത്തിന്റേത്. ക്വീൻ, സൺ‌ഡേ ഹോളീഡേ എന്നിവയാണ് അവസാനമായി റിലീസ് ചെയ്ത അദ്ദേഹത്തിന്റെ ചിത്രങ്ങൾ. ഭാര്യ: ലളിത. മക്കൾ: ശ്രീദേവി, വിശ്വനാഥൻ.