നയൻ‌താര മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുന്നു.. നിവിൻ ചിത്രത്തിന് ശേഷം അടുത്ത ചിത്രം അണിയറയിൽ..

മലയാളത്തിൽ നിന്ന് അരങ്ങേറ്റം കുറിച്ച നടിയാണ് നയൻ‌താര. തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻതാര മലയാള സിനിമയിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്തിരുന്നു. മമ്മൂട്ടി നായകനായി എത്തിയ പുതിയ നിയമം എന്ന ത്രില്ലറായിരുന്നു അവസാനമായി നയൻ‌താര അഭിനയിച്ച മലയാള ചിത്രം. നിവിൻപോളി നായകനാകുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന മലയാള ചിത്രത്തിലൂടെ നയൻ‌താര മലയാളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ധ്യാൻ ശ്രീനിവാസനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പക്ഷെ ഇപ്പോൾ നയൻ‌താര കേന്ദ്ര കഥാപാത്രമാകുന്ന മറ്റൊരു ചിത്രംകൂടി എത്തുകയാണെന്നാണ് പുതിയ വാർത്ത.

പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആർ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. കോട്ടയം കുർബ്ബാന എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ മഹേഷ് വെട്ടിയാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കോട്ടയം പശ്ചാത്തലമാകുന്ന ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രമായിരിക്കും കോട്ടയം കുർബ്ബാന എന്നാണ് പറയപ്പെടുന്നത്. ഇത് ആദ്യമായിട്ടാണ് മലയാളത്തിൽ നയൻതാര കേന്ദ്ര കഥാപാത്രമാകുന്ന ഒരു സിനിമ ഒരുങ്ങുന്നത്. ഫുൾ ഓൺ സ്റ്റുഡിയോസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവഹിക്കും.അപ്പു ഭട്ടതിരി ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. കൂടുതൽ ചിത്രങ്ങൾ ഇനിയും മലയാളത്തിൽ നയൻതാരയുടെ കീഴിൽ എത്തിയാൽ, ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര ഇനി മലയാള സിനിമയും ഭരിക്കും.