അമ്പമ്പോ ഹെവി…!!! സൂപ്പർ സ്റ്റാറിൻ്റെ വില്ലനായി വിജയ് സേതുപതി…

അതെ..അങ്ങനെ ഒരു സംഭവം നടക്കാൻ പോകുന്നു എന്നതാണ് കോളിവുഡിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ തമിഴ് സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ സ്വത്താണ് വിജയ് സേതുപതി എന്ന നടൻ എന്ന് അടിവരയിട്ടു തന്നെ പറയാം. തൻ്റെ പ്രകടന മികവ് കൊണ്ട് വിജയ് ഇത് പല വട്ടം പല രീതിയിൽ തെളിയിച്ചും കഴിഞ്ഞതാണ്.

വില്ലനായും നായകനായും സഹനടനായും ഒക്കെ പ്രത്യക്ഷപ്പെട്ടിട്ടുള്ള മക്കൾ സെൽവൻ ഇനി എത്തുന്നത് സൂപ്പർ സ്റ്റാർ രജനികാന്തിന് എതിരെ നിൽക്കുന്ന ശക്തനായ വില്ലൻ വേഷത്തിൽ ആയിരിക്കും. നവനിര സിനിമകളായ പിസ്സ, ജിഗർതണ്ട, ഇരൈവി എന്നീ സിനിമകൾ ഒരുക്കിയ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന അടുത്ത രജനികാന്ത് ചിത്രത്തിലാണ് ഈ രണ്ടു ശക്തരായ അഭിനേതാക്കൾ നേർക്ക് നേർ വരുന്നത്.

സൺ പിക്‌ചേഴ്‌സ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക. റോക്ക്സ്റ്റാർ അനിരുദ്ധ് ആയിരിക്കും ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുക എന്നും കഴിഞ്ഞ ദിവസം ടീം സ്ഥിരീകരിച്ചു കഴിഞ്ഞു.

രജനികാന്തും വിജയ് സേതുപതിയും തമ്മിലുള്ള സ്‌ക്രീനിലെ പോരാട്ടം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.