മോഹന്‍ലാലിന്‍റെ സര്‍പ്രൈസ് പ്രൊജക്ടായ നീരാളിയുടെ ഷൂട്ട് പൂര്‍ത്തിയായി, ഇനി കാത്തിരിക്കാം….

ഒടിയന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കാന്‍ വൈകുമെന്നറിയിച്ചതിനെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ നീരാളിയില്‍ ജോയിന്‍ ചെയ്തത്. സന്തോഷ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് 36 ദിവസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഒടിയന്‍ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

15 ദിവസമാണ് മോഹന്‍ലാല്‍ നീരാളിക്ക് വേണ്ടി മാറ്റി വെച്ചത്. 36 ദിവസമെടുത്ത് പൂര്‍ത്തിയാക്കിയ സിനിമ അവസാനഘട്ട മിനുക്ക് പണിയിലാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെ നീരാളിയുടെ ക്രൂ മെമ്പേഴ്‌സിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നദിയ മൊയ്തു മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായാണ് താരം അഭിനയിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.സിജു തോമസിന്റെ തിരക്കഥയിലൊരുക്കിയ ചിത്രത്തില്‍ പാര്‍വതി നായരും അഭിനയിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ്കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

നീരാളിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി

സന്തോഷ് തുണ്ടിയിലാണ് സിനിമട്ടോഗ്രഫി കൈകാര്യം ചെയ്യുന്നത്. സറ്റീഫന്‍ ദേവസിയാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. മൂണ്‍ ഷോട്ട് എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ത്രില്ലര്‍ സിനിമയാണെന്ന് റിപ്പോര്‍ട്ടുകള്‍

ഒടിയന് മുന്‍പ് ചിത്രീകരണം ആരംഭിച്ച സിനിമ നേരത്തെ തന്നെ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഷുവിന് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല.