എന്‍റെത് ഒരു കൊച്ചു ജീവിതമാണ്, അതാരും സിനിമയാക്കണ്ട: മഞ്ജു വാര്യർ…

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് ആമി. ആമിയായി മഞ്ജു വാര്യർ മികച്ച് നിൽക്കുകയാണ്. ആമിക്ക് വേണ്ടി താനൊന്നും ചെയ്തിട്ടില്ലെന്ന് മഞ്ജു അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

‘ആമിയാകുക എന്നത് ബാധ്യതയായിരുന്നു എന്നു പറയാന്‍ പറ്റില്ല. ഈ കഥാപാത്രത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും കമല്‍ സാറിന്‍റെ ചുമലില്‍ ഏല്‍പ്പിച്ചിട്ടാണ് ഞാന്‍ ആമിയാകാന്‍ ഇറങ്ങിയത്. ഞാനൊരു ‘ഡയറക്ടേഴ്‌സ് ആക്ടര്‍’ ആണ്. സ്വന്തമായി കൈയ്യില്‍ നിന്നൊന്നും ചേര്‍ത്തിട്ടില്ല. ‘ആമി’ മാത്രമല്ല, എന്‍റെ എല്ലാ സിനിമകളിലും സംവിധായകന്‍ പറയുന്നതു പോലെയേ ഞാന്‍ ചെയ്തിട്ടുള്ളൂ.” – മഞ്ജു പറയുന്നു.

മഞ്ജു വാര്യരെ കുറിച്ചൊരു സിനിമ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് അതിലും രസം.“അയ്യോ വേണ്ട. എന്റേതൊരു കൊച്ചു ജീവിതമാണ്. അതാരും സിനിമയാക്കണ്ട. ഇങ്ങനെയുള്ള കുറച്ചു നല്ല സിനിമകളൊക്കെ ചെയ്തു ജീവിച്ചാല്‍ മതി.”– എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.