കലാഭവൻ മണിയുടെ സിനിമയുമായി വിനയൻ ; തുടക്കം കുറിക്കാൻ മമ്മൂട്ടിയും….

കലാഭവൻ മണി എന്ന മലയാളികൾ ഹൃദയത്തോട് ചേർത്തു പിടിച്ച നടൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒന്നര വർഷത്തിലധികമായി. മണിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളായ ‘വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലെ രാമു, ‘രാക്ഷസരാജാവ്’ എന്ന ചിത്രത്തിലെ ത്രസിപ്പിക്കുന്ന വില്ലൻ കഥാപാത്രമായ ഗുണശേഖരൻ എന്നിവ സമ്മാനിച്ച വിനയൻ ഒടുവിൽ മണിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരു സിനിമ എടുക്കാനായിട്ട് ഒരുങ്ങുകയാണ്.

‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ പൂജയും സ്വിച്ചോണും നവംബർ 5ന് കാക്കനാട് പാർക്ക് റെസിഡൻസിയിൽ വച്ച് നടക്കും. ‘അമ്മ’യുടെ അപ്രഖ്യാപിത വിലക്ക് നീങ്ങിയതിനു ശേഷം വിനയൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാകും ഇത്.

പൂജ ചടങ്ങിൽ മലയാളത്തിൻ്റെ മെഗാ സ്റ്റാർ മമ്മൂട്ടി, സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ ബാലൻ, സി. പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പ്രൊഫസർ കെ. വി തോമസ് എന്നിവർ വിശിഷ്ടാതിഥികളായി എത്തും.

പുതുമുഖം രാജ മണിയാണ് ‘ചാലക്കുടിക്കാരൻ ചങ്ങാതി’യിലെ നായക വേഷത്തിൽ എത്തുന്നത്. ചിത്രത്തിൻ്റെ പൂജ ചടങ്ങിനെക്കുറിച്ചുള്ള വിനയൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ..

സുഹൃത്തുക്കളെ,
കഴിഞ്ഞ ഒന്നരവര്‍ഷമായി Chalakudykaran Changathy എന്ന സിനിമ എടുക്കണമെന്ന് മനസ്സില്‍ തോന്നിയിട്ട്… അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിന്റെ അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഞാനിതിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ആ മഹാനായ കലാകാരനു കൊടുക്കുന്ന ആദരവായി ഈ സിനിമ സമര്‍പ്പിക്കുകയാണ്. പക്ഷേ ഒന്നോര്‍ക്കുക, ഈ സിനിമ കലാഭവന്‍ മണിയിടുെ biopic അല്ല.
ഇന്ന് മലയാളസിനിമയിലെ ലൈംലൈറ്റില്‍ നില്‍ക്കുന്ന പ്രമുഖ നടന്മാരും ടെക്നീഷ്യന്മാരും സഹകരിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നവംബര്‍ 5 ഞായറാഴ്ച്ച നടക്കുകയാണ്. മണ്ണിന്റെ മണമുള്ള, ജീവിതഗന്ധിയായ ഒരു നല്ല സിനിമയ്ക്കു വേണ്ടിയുള്ള എന്റെ പ്രയത്നത്തിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണവും പ്രാര്‍ത്ഥനയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം,
വിനയന്‍