മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാറിന് പ്രിയദർശൻ നൽകുന്നത് 8 മാസം സമയം ….

ഏകദേശം ഒരേ സമയമാണ് സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി പ്രിയദർശനും മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും
‘കുഞ്ഞാലിമരക്കാർ’ എന്ന ഒരേ ടൈറ്റിലിൽ രണ്ടു ബിഗ് ബജറ്റ് സിനിമകൾ അനൗൺസ് ചെയ്യുന്നത്. പ്രിയദർശനാണ് ആദ്യം ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ താനും മോഹൻലാലും ‘കുഞ്ഞാലിമരക്കാർ’ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു എന്ന് വെളിപ്പെടുത്തിയത്.

ആ വാർത്തകൾ പുറത്ത് വന്ന് മണിക്കൂറുകൾക്കകം ഓഗസ്റ്റ് സിനിമാസിൻ്റെ ബാനറിൽ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കുഞ്ഞാലിമരക്കാർ IV’ എന്ന പേരിൽ ഓഗസ്റ്റ് സിനിമാസിൻ്റെ സാരഥികളിൽ ഒരാളായ ഷാജി നടേശൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. 2018 ഏപ്രിലിൽ ചിത്രം ആരംഭിക്കുമെന്നും സൂചന നൽകിയിരുന്നു.

പിന്നീട് മലയാളത്തിൽ രണ്ടു കുഞ്ഞാലിമരക്കാർ വേണ്ട എന്ന് പറഞ്ഞ് പ്രിയദർശൻ, തൻ്റെ പ്രൊജക്റ്റ് ഉപേക്ഷിക്കുകയാണ് എന്ന് പറഞ്ഞിരുന്നു. പ്രിയൻ, തൻ്റെ തീരുമാനം ഒന്നുകൂടി വിശദമാക്കുന്നത് ഇപ്രകാരമാണ്;

“മൂന്ന് വർഷങ്ങൾക്ക് മുൻപ് അവർ ഈ ചിത്രം ചെയ്യുന്നുണ്ട് എന്ന് എന്നോട് പറഞ്ഞിരുന്നു. അത് കൊണ്ട് ഞാൻ ഒരു ആറു മുതൽ എട്ട് മാസം വരെ കാത്തിരിക്കും എന്നിട്ടും അവരുടെ സിനിമ ആരംഭിച്ചില്ലെങ്കിൽ ഞാൻ എൻ്റെ പ്രൊജക്റ്റുമായി മുന്നോട്ട് പോകും.”

ഭഗത് സിങ്ങിൻ്റെ ജീവിതത്തെ ആസ്‌പദമാക്കി ബോളിവുഡിൽ അജയ് ദേവ്ഗണിൻ്റെ ‘ ലെജൻഡ് ഓഫ് ഭഗത് സിംഗ്’, ’23rd മാർച്ച് 1931: ഷഹീദ്’ എന്നീ രണ്ടു സിനിമകൾ 2002ൽ പുറത്ത് വന്നു. എന്നിട്ട് എന്തുണ്ടായി ഓരോ വാശിയുടെയും വൈരാഗ്യത്തിന്റെയും പേരിൽ വന്ന രണ്ടു സിനിമകളും ബോക്‌സോഫീസിൽ വീണു. ആ ചരിത്രം മലയാള സിനിമയിൽ ആവർത്തിക്കേണ്ട..

താനും കുഞ്ഞാലിമരക്കാർ നാലാമൻ്റെ കഥ തന്നെയാണ് സിനിമയാക്കാൻ ഒരുങ്ങുന്നത്. അദ്ദേഹത്തിൻ്റെതാണ് ഏറ്റവും കൗതുകരമായ കഥ. സാമൂതിരികൾക്കെതിരെ പട പൊരുതി തൂക്കു മരം സ്വന്തമാക്കിയ ആളാണ് കുഞ്ഞാലിമരക്കാർ നാലാമൻ. ആ കഥയുടെ ഭൂരിഭാഗവും നടക്കുന്നത് കടലിലാണ്. എന്നാൽ കടലിലൊക്കെ ഒരു സിനിമ ചിത്രീകരിക്കുന്നത് ബുദ്ധിമുട്ടേറിയതാണ്. അന്താരാഷ്‌ട്ര നിലവാരത്തിൽ രാജ്യം ഒട്ടാകെയുള്ള പ്രേക്ഷകരെ കണ്ടു കൊണ്ട് മറ്റു ഭാഷകളിലെയും പ്രധാന താരങ്ങളെ ഉൾക്കൊണ്ടിച്ചുകൊണ്ടേ സിനിമ ചിത്രീകരിക്കാനാകൂ. ഞങ്ങൾ അത്തരത്തിൽ ചിത്രീകരിക്കാനാണ് പ്ലാൻ ചെയ്‌തിരിക്കുന്നത്‌. – പ്രിയദർശൻ പറഞ്ഞു നിർത്തുന്നു.