ചരിത്രം ആവർത്തിക്കുന്നു…താരപുത്രന്മാർ എത്തുന്നത് ഒരേ സമയം…..

സൂപ്പർ താരം മോഹൻലാലിൻ്റെയും കുടുംബങ്ങളുടെ പ്രിയ നായകൻ ജയറാമിൻ്റെയും സിനിമകൾ ഒരേ സമയം തിയേറ്ററുകളിൽ പ്രദർശനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ കാലം ഒരൽപം വഴി മാറുകയാണ്, മലയാള സിനിമയുടെ ഈ അഭിമാന താരങ്ങളുടെ മക്കൾക്ക് വേണ്ടി.

പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തുന്ന ‘ആദി’ എന്ന ജീത്തു ജോസഫ് ചിത്രം അതിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയത് ഈയിടെയായിരുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം 2018 ജനുവരി 26ന് തിയേറ്ററുകളിൽ എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

അതേ സമയം കാളിദാസ് ജയറാം ആദ്യമായി മലയാളത്തിൽ നായകനായി എത്തുന്ന ‘പൂമരം’ ഈ ക്രിസ്‌മസിന്‌ തിയേറ്ററുകളിൽ എത്തില്ല എന്ന് ഉറപ്പായിക്കഴിഞ്ഞു. എബ്രിഡ് ഷൈൻ സംവിധാനം നിർവ്വഹിക്കുന്ന ചിത്രം 2018 ജനുവരിയിൽ റിലീസ് ചെയ്യാനാണ് ഇപ്പോൾ പദ്ധതി. ജനുവരിയിൽ തന്നെ ഒരു റിലീസ് തീയതി കണ്ടെത്താനാണ് എബ്രിഡ് ഷൈൻ ശ്രമിക്കുന്നത് എന്നാണു അറിയാൻ കഴിഞ്ഞത്.

അങ്ങനെ സംഭവിച്ചാൽ പ്രണവ് മോഹൻലാലിൻ്റെയും കാളിദാസ് ജയറാമിൻ്റെയും സിനിമകൾ ഒരേ സമയം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന കൗതുകകരമായ കാഴ്ച്ച പ്രേക്ഷകർക്ക് കാണാൻ കഴിയും എന്ന് ചുരുക്കം.