‘ചെങ്കൊടിയേന്തി പറവകള്‍’; പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത് ഇച്ചാപ്പിയും ഹസീബും; ചിത്രം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്

കൊച്ചി: ചെങ്കൊടിയേന്തി പറവകള്‍. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോവിന്ദ പൈയും അമല്‍ ഷായും സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമാവുകയാണ്. ഇത്തവണ സിനിമയിലെ വിശേഷം കൊണ്ടല്ല, മറിച്ച് സിനിമയ്ക്കു പുറത്തെ കാഴ്ച്ചയാണ് താരങ്ങളെ വൈറലാക്കിയത്. സി.പി.ഐ.എമ്മിന്റെ കൊടിയേന്തിയ ഹസീബിന്റേയും ഇച്ചാപ്പിയുടേയും ചിത്രമാണ് വൈറലായിരിക്കുന്നത്.

‘പറവ’ സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഇച്ചാപ്പിക്കും ഹസീബിനും സി.പി.ഐ.എം ആദരവ് നല്‍കിയിരുന്നു. സി.പി.ഐ.എം ഫോര്‍ട്ട് കൊച്ചി ലോക്കല്‍ സമ്മേളനത്തിലാണ് താരങ്ങളെ ആദരിച്ചത്. സമ്മേളനത്തോനുബന്ധിച്ച് നടന്ന പ്രകടനത്തില്‍ ഇരുവരും പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ഇവര്‍ ചെങ്കൊടിയേന്തിയത്. ചെങ്കൊടി പിടിച്ച പ്രകടനത്തില്‍ അണിചേര്‍ന്ന ഇരുവരുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറുകയായിരുന്നു.

താര പ്രഭ ഇല്ലാതെ എത്തിയ ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയത്. സൗബിന്‍ സാഹിര്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച ‘പറവ’ അന്‍വര്‍ റഷീദാണ് നിര്‍മ്മിച്ചത്. ഇച്ചാപ്പിയായി വേഷമിട്ട അമല്‍ഷായും ഹസീബായി വേഷമിട്ട ഗോവിന്ദ പൈയും തന്നെയാണ് ‘പറവ’യിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ത്ഥിയാണ് അമല്‍ഷാ. ഗോവിന്ദ് പത്തിലും പഠിക്കുന്നു.