വീണ്ടും വിസ്മയിപ്പിക്കാൻ വിജയ് സേതുപതി..ഇനി കാണാം ഭിന്നലിംഗക്കാരനായി..ഫഹദിനൊപ്പം…

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ തമിഴ് സിനിമയിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണ് ‘വിജയ് സേതുപതി’ എന്ന് നിസ്സംശയം പറയാം. ഇത്രയും വൈവിധ്യമാർന്ന വേഷങ്ങൾ തുടർച്ചയായി കൈകാര്യം ചെയ്യുകയും അതേ സമയം സാധാരണ പ്രേക്ഷകരിൽ നിന്ന് ഒരുപാട് അകലെ നിൽക്കുന്ന അസാധാരണത്വം നിറഞ്ഞ വേഷങ്ങളിലേക്ക് പോകാതെ ‘മക്കൾ സെൽവൻ’ എന്ന പേര് നേടിയ ഈ നടൻ ഇപ്പോൾ മലയാളികൾക്കും ഒരു അത്ഭുതമാണ്. ഇത്രയധികം മികച്ച തിരക്കഥകൾ ഏത് ഫാക്ടറിയിൽ നിന്നാണ് വിജയ് സേതുപതിക്ക് മാത്രം ലഭിക്കുന്നത് എന്ന് സംശയിക്കുന്നവരാണ് ഏറെയും.

ഇപ്പോൾ പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചു കൊണ്ട് വിജയ് സേതുപതിയുടെ അടുത്ത കഥാപാത്രത്തിന്റെ ആദ്യത്തെ സ്റ്റിൽ പുറത്ത് വന്നിരിക്കുകയാണ്.
‘ആരണ്യ കാണ്ഡം’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ ത്യാഗരാജൻ കുമാരരാജൻ സംവിധാനം ചെയ്യുന്ന ‘സൂപ്പർ ഡീലക്‌സ്’ എന്ന ചിത്രത്തിൽ ഒരു ഭിന്നലിംഗക്കാരനായാണ് വിജയ് സേതുപതി അവതരിക്കുന്നത്. ശിൽപ എന്നാണ് വിജയ് യുടെ കഥാപാത്രത്തിന്റെ പേര്.

സംവിധായകൻ തന്നെയാണ് ‘അനീതി കഥൈകൾ’ എന്ന പേര് വച്ചിരുന്ന തൻ്റെ ചിത്രത്തിന് ‘സൂപ്പർ ഡീലക്സ്’ എന്ന് പേര് നൽകിയതായും ശിൽപ എന്ന കഥാപാത്രമാണ് വിജയ് സേതുപതി ഈ ചിത്രത്തിലെ അവതരിപ്പിക്കുന്നത് എന്നും പുറത്ത് വിട്ടത്. ഫഹദ് ഫാസിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സാമന്തയാണ് നായികയാകുന്നത്.