ജിമിക്കി കമ്മലിലൂടെ തെന്നിന്ത്യയുടെ മനസ്സ് കീഴടക്കിയ ഷെറില്‍ ഇനി ഇളയ ദളപതിയുടെ നായിക?

 

മോഹന്‍ലാല്‍ ലാല്‍ജോസ് ടീമിന്റെ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം മലയാളക്കരയില്‍ ഉണ്ടാക്കിയ ഓളം ചെറുതല്ല. ഓണത്തിന് കോളേജിലും സ്‌കൂളിലും എന്നു വേണ്ട എല്ലായിടത്തും ജിമിക്കി കമ്മലായിരുന്നു തരംഗം.

നാടൊട്ടുക്കം പാടിയ ഗാനത്തേക്കാളും ഏവരുടേയും മനം കവര്‍ന്നത് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു കളിച്ച ഡാന്‍സായിരുന്നു. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഡാന്‍സിന് യുട്യൂബില്‍ റെക്കോര്‍ഡ് പ്രേക്ഷകരായിരുന്നു.ഡാന്‍സിന് നേതൃത്വം നല്‍കിയ ഷെറില്‍ ജി കടവനായിരുന്നു ഏവരുടെയും മനം കവര്‍ന്നത്. ഓസ്‌കര്‍ അവാര്‍ഡ് അവതാരകന്‍ ജിമ്മി കിമ്മലും വീഡിയോ ഇഷ്ടപ്പെട്ടെന്ന് ട്വീറ്റ് ചെയ്തു.

ഒരൊറ്റ ഡാന്‍സിലൂടെ താരത്തിളക്കം നേടിയ ഷെറിനെ തേടി ഇപ്പോള്‍ ആരും സ്വപ്നം കാണുന്ന നേട്ടമെത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷെറിന്‍ വെള്ളിത്തിരയിലേക്കെത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഇളയദളപതി വിജയയുടെ ചിത്രത്തില്‍ നായികയാകാനുള്ള ക്ഷണം ഷെറിലിനു ലഭിച്ചെന്നാണ് സൂചന. പ്രശസ്ത സംവിധായകന്‍ കെ എസ് രവികുമാര്‍ തന്നെ വിജയുടെ നായികയാകാന്‍ ഷെറിലിനെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരികരണമുണ്ടായിട്ടില്ല. മാത്രമല്ല അഭിനയിക്കാന്‍ സന്നദ്ധയാണോയെന്ന കാര്യം ചേര്‍ത്തലക്കാരി ഷെറില്‍ ജി കടവനും വ്യക്തമാക്കിയിട്ടില്ല.തെന്നിന്ത്യയാകെ ഷെറിലും ഷെറിലിന്റെ ഡാന്‍സും തരംഗമായതാണ് അധ്യാപികയെത്തേടി നായികാ വേഷം എത്താന്‍ കാരണം. തമിഴ്നാട്ടിലെ യുവാക്കള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് ഈ സുന്ദരിക്കുട്ടിയെക്കുറിച്ചാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡാന്‍സും ആഘോഷങ്ങളിലെ പങ്കാളിത്തവുമൊന്നും ഷെറിന് പുതുമയുള്ള കാര്യങ്ങളേയല്ല. ചെറുപ്പം മുതലേ ഡാന്‍സ് പഠിക്കുന്നുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴും പരിപാടികളിലൊക്കെ പങ്കെടുക്കുമായിരുന്നു.എറണാകുളം സെന്റ് തെരേസാസ് കോളേജിലെ പഠനകാലമാണ് ഷെറിലിനെ കലാരംഗത്ത് കൂടുതല്‍ സജീവമാക്കിയത് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്സില്‍ ഷെറില്‍ അധ്യാപികയായി ജോലിക്ക് കയറിയിട്ട് ചുരുങ്ങിയ കാലമേ ആയിട്ടുള്ളു.

ഓണാഘോഷത്തിന് വ്യത്യസ്തമായി എന്ത് ചെയ്യാമെന്ന ചിന്തയാണ് ജിമിക്കി കമ്മല്‍ ഡാന്‍സിലേക്ക് നയിച്ചത്. വീഡിയോ യൂട്യൂബില്‍ വൈറലായതോടെ ഷെറിലിന് ആരാധകരെക്കൊണ്ട് രക്ഷയില്ലാതായി.

അഭിനന്ദനമറിയിക്കാനും പരിചയപ്പെടാനുമായി നിരവധി പേരാണ് ദിവസേന ഷെറിലിന്റെ ഫോണിലേക്ക് വിളിക്കുന്നത്. സിനിമാ ഓഫറുകളും വരുന്നുണ്ട്. ചേര്‍ത്തല സ്വദേശികളായ ജോര്‍ജ് കടവന്റെയും ടെസി ജോര്‍ജിന്റെയും മകളാണ് ഷെറില്‍.