നായകന്‍ മമ്മൂട്ടി, നായിക മഞ്ജു വാര്യര്‍..! എന്നാണ് അങ്ങനൊരു സിനിമ, മഞ്ജു മനസ്സുതുറക്കുന്നു…

 

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും ഒന്നിച്ചുള്ള സിനിമയ്ക്കായി കാത്തിരിക്കുകയാണ് മലയാള സിനിമാലോകം. മോഹന്‍ ലാലിനൊപ്പവും സുരേഷ് ഗോപിയ്‌ക്കൊപ്പവും ജയറാമിനൊപ്പവുമെല്ലാം അഭിനയിച്ചിട്ടുള്ള മഞ്ജു ഇതുവരെ മമ്മൂട്ടിയോടൊപ്പം സിനിമയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

തിരിച്ചു വരവില്‍ കുഞ്ചാക്കോ ബോബനൊപ്പവും പൃഥ്വിരാജിന്റെ സിനിമയില്‍ അതിഥി താരമായും മഞ്ജുവെത്തിയപ്പോഴും ആരാധകര്‍ മമ്മൂക്കക്കൊപ്പമുള്ള സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു.മമ്മൂട്ടിയോടൊത്തുള്ള സിനിമക്കായി ആരാധകരെപ്പോലെ താനും കാത്തിരിക്കുകയാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവിന്റെ പ്രതികരണം.

‘പണ്ടും മമ്മൂക്കായോടൊപ്പം അഭിനയിക്കാന്‍ വലിയ താല്‍പ്പര്യമായിരുന്നു. അന്നത് നടന്നില്ല. തിരിച്ചുവന്ന ശേഷവും ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് മമ്മൂക്ക എന്ന മഹാനടന്റെയൊപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കാന്‍’.

കൂടെ അഭിനയിക്കാന്‍ മമ്മൂക്ക അനുവദിക്കുകയും അങ്ങനെയുള്ള സിനിമ ആരെങ്കിലും സൃഷ്ടിക്കുകയും ചെയ്യട്ടെയെന്നും മഞ്ജു പറഞ്ഞു.