‘രണ്ടാമൂഴ’ത്തിന്റെ തിരക്കഥയിൽ അത് വെട്ടണം..ഇത് വെട്ടണം എന്നൊന്നും പറഞ്ഞാൽ സമ്മതിക്കില്ല….

മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരൻ എം. ടി വാസുദേവൻ നായർ തിരക്കഥാ രചനയിലും അതികായനാണ്. ഏകദേശം 59 ഓളം സിനിമകൾക്ക് തിരക്കഥ ഒരുക്കിയ എം. ടി, 4 തവണ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും 11 തവണ സംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. സിനിമയിൽ നിന്ന് മൊത്തം 7 ദേശീയ അവാർഡും 21 സംസ്ഥാന അവാർഡും എം. ടിയുടെ ഷോക്കേസ് അലങ്കരിക്കുന്നുണ്ട്.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ സിനിമയുടെ തിരക്കഥയുമായാണ് എം. ടി വാസുദേവൻ നായരുടെ ബിഗ് സ്‌ക്രീനിലേക്കുള്ള രാജകീയ തിരിച്ചു വരവ്. സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി വി. എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന, ബി ആർ ഷെട്ടി 1000 കോടി രൂപയുടെ മെഗാ ബജറ്റിൽ ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘രണ്ടാമൂഴം’ ഇതേ പേരിലെ എം. ടി യുടെ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ, ജനലക്ഷങ്ങൾ വായിച്ച നോവലിന്റെ ദൃശ്യാവിഷ്കാരമാണ്.

ഏഴു മാസം കൊണ്ടാണ് താൻ, രണ്ടാമൂഴം എന്ന ബ്രഹത് നോവൽ തിരക്കഥയാക്കിയതെന്ന് ഈയിടെ ഒരു അഭിമുഖത്തിൽ എം. ടി പറയുകയുണ്ടായി.

തിരക്കഥ എഴുതാൻ ഏഴു മാസം വേണ്ടി വന്നു. നോവലിന്റെ ഘടന തന്നെ. സിനിമയ്ക്ക് വേണ്ടി കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടില്ല. നോവൽ സിനിമയായി വന്നാൽ മോക്ഷം കിട്ടും എന്ന വിചാരവുമില്ല. അഞ്ച് മണിക്കൂർ 20 മിനിറ്റ് ദൈർഘ്യം ഉള്ള സിനിമ രണ്ടു ഭാഗങ്ങളായി പുറത്ത് വരും. അത് വെട്ടണം, ഇത് വെട്ടണം എന്നൊന്നും പറഞ്ഞാൽ പറ്റില്ല. ചിലർ പറഞ്ഞു കുട്ടിക്കാലം ഒഴിവാക്കണമെന്ന്. അങ്ങനെയൊന്നും പറ്റില്ളെന്ന് തീർത്തു പറഞ്ഞു. – എം. ടി പറയുന്നു.

അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന ‘രണ്ടാമൂഴം’ 2020ൽ തിയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ. ആദ്യ ഭാഗം പുറത്തിറങ്ങി 100 ദിവസം കഴിയുമ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്ത് വരും.