ആദ്യ സിനിമ തന്നെ ബ്ലോക്ക്‌ബസ്റ്റര്‍, വരാനിരിക്കുന്നത് പറയുകയും വേണ്ട… നിർമ്മാണ മേഖലയിൽ 3 വർഷം തികച്ച് 24 എ എം സ്റ്റുഡിയോസ്‌…

 

തമിഴ് സിനിമാ ലോകത്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് നിലവാരമുള്ള ചിത്രങ്ങൾ നിർമ്മിച്ച് ശ്രദ്ധേയമായ നിർമ്മാണ കമ്പനിയാണ് 24 എ എം സ്റ്റുഡിയോസ്. ആർ ഡി രാജയുടെ ഉടമസ്ഥതയിലുള്ള 24 എ എം സ്റ്റുഡിയോസ്‌ ആദ്യം നിർമ്മാണ സംരംഭം ഏറ്റെടുത്ത ചിത്രമാണ് ശിവകാർത്തികേയൻ നായകനായ ‘റെമോ’.

ഭാഗ്യരാജ് കണ്ണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ‘റെമോ’യുടെ പിന്നണിയിൽ പ്രവർത്തിച്ചത് രണ്ടു ഇതിഹാസങ്ങൾ ആയിരുന്നു. ഛായാഗ്രഹകനായ പി സി ശ്രീറാം, ചിത്രത്തിന്റെ ഫ്രെയിമുകൾക്ക് അഴക് ചൊരിഞ്ഞപ്പോൾ ശബ്ദ സന്നിവേശത്തിലൂടെ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയും വിസ്മയിപ്പിച്ചു. കീർത്തി സുരേഷ് നായികയായ ചിത്രം റിലീസിന് മുൻപ് കുറച്ച് പ്രശ്നങ്ങൾ നേരിട്ടെങ്കിലും അതെല്ലാം മറികടന്ന്
ബോക്സ്ഓഫീസിൽ മികച്ച വിജയമാണ് കൊയ്തത്.

24 എ എം സ്റ്റുഡിയോസിന്റെ രണ്ടാമത്തെ ചിത്രവും ശിവകാർത്തികേയനൊപ്പം തന്നെ ആയി. ‘തനി ഒരുവൻ’ എന്ന മെഗാ ഹിറ്റ് ചിറ്റ് ചിത്രത്തിന് ശേഷം മോഹൻ രാജ സംവിധാനം ചെയ്യുന്ന ‘വേലൈക്കാരൻ’ എന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിൽ വില്ലൻ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുണ്ട്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.

മലയാളത്തിന്റെ യുവ സൂപ്പർ താരം നിവിൻ പോളി നായകനാകുന്ന പുതുമുഖം പ്രഭു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 24 എ എം സ്റുഡിയോസിന്റെ മൂന്നാമത്തെ ചിത്രം . ഈ ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പൊൻറാം എന്ന സൂപ്പർ ഹിറ്റ് സംവിധായകനിലൂടെ ശിവകാർത്തികേയനുമായി മൂന്നാമത്തെ വട്ടം കൈ കോർക്കുകയാണ് 24 എ എം സ്റ്റുഡിയോസ്. ഷൂട്ടിങ് ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ സാറ്റലൈറ്റ് അവകാശം വിറ്റു പോയ ഈ പേരിടാത്ത ചിത്രത്തിൽ സാമന്തയാണ് നായികയായി എത്തുന്നത്.

ആർ ഡി രാജ നയിക്കുന്ന 24 എ എം സ്റ്റുഡിയോസ്‌, നിർമ്മാണ രംഗത്ത് മൂന്ന് വർഷം തികയ്ക്കുന്ന ഈ വേളയിൽ തമിഴ് സിനിമാ ലോകത്ത് മാത്രമല്ല മലയാളം ഉൾപ്പടെയുള്ള ഇന്ത്യൻ സിനിമ മേഖലകളിൽ തങ്ങളുടേതായ കൈയ്യൊപ്പ് പതിപ്പിക്കാൻ സാധിക്കട്ടെ എന്ന് onlinepeeps ആത്മാർത്ഥമായി ആശംസിക്കുന്നു.