മോഹൻലാലും ധനുഷും റിലീസ് ദിനത്തില്‍ നേർക്ക് നേർ…

ഒരേ ദിവസം വലിയ സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്യുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. എന്നാൽ തമിഴ് സിനിമയിൽ ഇത്തരത്തിൽ ഒരു പ്രവണതയ്ക്ക് കുറച്ച് നിയന്ത്രണങ്ങളൊക്കെയുണ്ട്. എന്നാൽ ഒരേ ദിവസം മലയാളത്തിലെയും തമിഴിലെയും വളരെയധികം പ്രതീക്ഷയുള്ള രണ്ടു വലിയ സിനിമകൾ റിലീസ് ചെയ്താലോ ?

അങ്ങനെ ഒരു സ്ഥിതിവിശേഷം അരങ്ങേറാനുള്ള എല്ലാ സാധ്യതകളും ഇപ്പോൾ കാണുന്നുണ്ട്. ധനുഷ് നായകനായി എത്തുന്ന ‘വി ഐ പി 2’ എന്ന ചിത്രം അതിന്റെ റിലീസ് തീയതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ജൂലൈ 28ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് കൂടിയായ ധനുഷ് പ്രഖ്യാപിച്ചത്. അമല പോൾ, സമുദ്രക്കനി, ശരണ്യ പൊൻവണ്ണൻ എന്നിവരെ കൂടാതെ ബോളിവുഡ് സൂപ്പർ നായിക കാജോളും ഈ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൗന്ദര്യ രജനികാന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എന്നാൽ അതേ ദിവസം റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന മലയാളത്തിലെ മറ്റൊരു മെഗാ ചിത്രമുണ്ട്. മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘വില്ലൻ’ ജൂലൈ 28ന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ പദ്ധതി ഇട്ടിരിക്കുന്നത്. ‘വില്ലന്റെ’ ആദ്യ രണ്ട് ഷെഡ്യൂളുകൾ പൂർത്തിയായിക്കഴിഞ്ഞു. ഇനി ഒരു ഷെഡ്യൂളിൽ അവസാനിക്കുന്ന ചിത്രീകരണം കൂടി ബാക്കിയുണ്ട് ‘വില്ലന്’.

ഇപ്പോൾ കുടുംബവുമൊത്ത് വിദേശത്ത് അവധിക്കാലം ചെലവഴിക്കുന്ന മോഹൻലാൽ, തിരിച്ചു വന്നയുടനെ ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് ജോയിൻ ചെയ്യും. ആ സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമാകും ലാൽ വീണ്ടും ‘വില്ലനാ’യി അവതാരമെടുക്കുക.