‘തല’ അതുക്കും മേലെ; കബാലിയുടെയും തെരിയുടെയും റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിവേഗം ടീസര്‍

ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടും അവാര്‍ഡ് നിശകളും താരനിശകളും പ്രമോഷനുകളും ഒഴിവാക്കിയും തിയറ്ററുകളില്‍ മാത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന തല എന്ന അജിത് കുമാറിന് കോളിവുഡിലുള്ള സ്വീകാര്യത എത്രത്തോളമെന്നതിന് സാക്ഷ്യമാണ് വിവേഗം ടീസറിന്റെ മുന്നേറ്റം. ബുധനാഴ്ച രാത്രി 12ന് യൂട്യൂബില്‍ റിലീസ് ചെയ്ത ടീസര്‍ 12 മണിക്കൂറിനുള്ളില്‍ ഇരുപത് ലക്ഷത്തി മുപ്പതിനായിരത്തിലേറെ പേര്‍ കണ്ടു. രണ്ട് ലക്ഷത്തി മുപ്പത്തി ഏഴായിരത്തിന് മുകളില്‍ ലൈക്ക് ഇതേ സമയം കൊണ്ട് ടീസര്‍ സ്വന്തമാക്കി. വിജയ് ചിത്രം തെരി, രജനീകാന്ത് ചിത്രം കബാലി എന്നിവയുടെ ടീസര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ടീസര്‍. 24 മണിക്കൂറിനുള്ളില്‍ ബാഹുബലി ട്രെയിലര്‍ 5 ലക്ഷത്തി 42000 ലൈക്ക് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ബാഹുബലി ട്രെയിലര്‍ അഞ്ച് കോടിക്ക് മുകളിലാണ് 24 മണിക്കൂറിനുളളില്‍ കാഴ്ചക്കാരെ നേടിയത് ഇത് മറികടക്കുക എളുപ്പമല്ല.


കബാലി ടീസര്‍ 24 മണിക്കൂറിനുള്ളില്‍ അഞ്ച് കോടി കാഴ്ചക്കാരെ നേടിയിരുന്നു. ഈ റെക്കോര്‍ഡ് വിവേഗം തകര്‍ക്കുമോ എന്ന് കാത്തിരുന്നറിയാം. വീരം, വേതാളം എന്നീ സിനിമകള്‍ക്ക് പിന്നാലെ ശിവയുടെ രചനയിലും സംവിധാനത്തിലും അജിത് നായകനാകുന്ന ചിത്രമാണ് വിവേഗം. ഇത്തവണ സ്‌പൈ ത്രില്ലറാണ് ചിത്രം. അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച സിനിമയില്‍ ഇന്റര്‍പോള്‍ ഓഫീസറുടെ റോളിലാണ് അജിത്. ബൈക്ക് ചേയ്‌സും സിക്‌സ് പാക്കും ബോംബ് സ്‌ഫോടനവും ഷൂട്ട് ഔട്ടും ഒക്കെയായി ഒരു ബോണ്ട് സീരീസ് ത്രില്ലറിന്റെ ഫീല്‍ ആണ് വിവേഗം ടീസറിന്റേത്. ഹോളിവുഡ് നിലവാരമുള്ള സ്‌പൈ ത്രില്ലറാണ് ആരാധകരുടെയും പ്രതീക്ഷ. വെട്രിയാണ് ക്യാമറ. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ബോളിവുഡ് താരം വിവേക് ഒബ്‌റോയിയാണ് വില്ലന്‍ കഥാപാത്രം. കാജല്‍ അഗര്‍വാളും അക്ഷരാഹാസനുമാണ് നായികമാര്‍. സത്യജ്യോതി ഫിലിംസാണ് നിര്‍മ്മാണം.

ഇതിന് മുമ്പ് തല കരിയറില്‍ ഇത്ര നീണ്ട ഇടവേള സ്വീകരിച്ചത് ഫോര്‍മുലാ ടു തയ്യാറെടുപ്പിനായാണ്. ഏഗന്‍ എന്ന ചിത്രത്തിന് ശേഷം രണ്ട് വര്‍ഷം. മേയ് ഒന്നിന് അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ടീസര്‍ എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കില്‍ സംഭവിച്ചില്ല. ശിവ സംവിധാനം ചെയ്യുന്നതായതിനാല്‍ ‘തല 57’ എന്ന അജിത്തിന്റെ കരിയറിലെ 57ാം ചിത്രം കഴിഞ്ഞ ചിത്രങ്ങളെപ്പോലെയോ അതിനേക്കാള്‍ മേലെയോ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അജിത്ത് തുടര്‍ച്ചയായി ഒരു സംവിധായകന് ഡേറ്റ് നല്‍കിയെന്ന കൗതുകവും വിവേഗത്തിനൊപ്പം ഉണ്ട്. വേതാളം എന്ന സൂപ്പര്‍ഹിറ്റിന് പിന്നാലെയാണ് അടുത്ത ചിത്രത്തിനായി അജിത്തും ശിവയും കൈകോര്‍ത്തത്. ബള്‍ഗേറിയയിലെ ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ അജിത്ത് ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.