ഈ ബോളിവുഡ് സൂപ്പർ സംവിധായകന് പ്രഭാസിനെ വേണം….

ലോകം ഒട്ടുക്കാകെ ‘ബാബുബലി’യുടെ രണ്ടാം പതിപ്പിനെ കാര്യമായി വരവേറ്റു കഴിഞ്ഞു. ആ വരവേൽപ്പ് ചിത്രത്തിന്റെ കളക്ഷനിൽ വളരെ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. ഈ ചിത്രത്തോടു കൂടി പ്രഭാസിന്റെ താരമൂല്യത്തിന് സംഭവിച്ച ഉയർച്ച ചില്ലറയൊന്നുമല്ല. ബോളിവുഡിലെതുൾപ്പെടെ ഇന്ത്യൻ സിനിമയിലെ കോടി കെട്ടിയ സംവിധായകരും നിർമ്മാതാക്കളും പ്രഭാസിന് വേണ്ടി ക്യൂ നിൽക്കുകയാണ്.

ആ ക്യൂവിലെ ഏറ്റവും പുതിയ ആളാണ് ബോളിവുഡിലെ സൂപ്പർ സംവിധായകനും നിർമ്മാതാവുമായ രോഹിത് ഷെട്ടി. ഈയിടെ ഒരു ചാനലിന്റെ പരിപാടിക്ക് വന്നപ്പോൾ രോഹിത് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ആരോടൊപ്പമാണ് ഇനി സിനിമ ചെയ്യാൻ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ സൽമാൻ ഖാനും പ്രഭാസിനും ഒപ്പം സിനിമ ചെയ്യണം എന്നാണ് തന്റെ ആഗ്രഹം എന്ന് രോഹിത് വെളിപ്പെടുത്തുകയുണ്ടായി.

ബാഹുബലിയുടെ രണ്ടു ഭാഗങ്ങളിൽ അഭിനയിച്ചതിന് പ്രഭാസിന് ലഭിച്ചത് 25 കോടി രൂപ പ്രതിഫലമാണ്. ബാഹുബലിയുടെ രണ്ടാം  ഭാഗത്തിന്റെ ത്രസിപ്പിക്കുന്ന വിജയത്തോടെ പ്രഭാസ്, തന്റെ  പ്രതിഫലം 30 കോടിയായി വർധിപ്പിച്ചിരിക്കുകയാണ്. പ്രഭാസിന്റെ അടുത്ത ചിത്രമായ ‘സാഹോ’ ഒരുങ്ങുന്നത് 150 കോടി രൂപ ബഡ്ജറ്റിലാണ്.