ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന നടിമാരെ കാണാനാണ് ആളുകള്‍ തിയേറ്ററില്‍ വരുന്നത്; ട്വീറ്റിന് ചുട്ട മറുപടിയുമായി നടി മജ്ഞിമ മോഹന്‍

അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ആളാണ് നടി മജ്ഞിമ മോഹന്‍. സിനിമയിലെ സ്ത്രീകളുടെ ഗ്ലാമറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ട്വിറ്ററില്‍ മോശം അഭിപ്രായം രേഖപ്പെടുത്തിയ ഒരാള്‍ക്ക് മജ്ഞിമ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

നടിമാര്‍ സുതാര്യമായതും ഇറക്കം കുറഞ്ഞതുമായ വസ്ത്രം ധരിക്കുന്നത് കൊണ്ടാണ് ആളുകള്‍ സിനിമ കാണാന്‍ വരുന്നതെന്നായിരുന്നു ഗണേശന്‍ എന്ന ട്വിറ്റര്‍ പ്രൊഫൈലിലൂടെ ഒരാളുടെ വാദം. ഇത് ശ്രദ്ധയില്‍പ്പെടതോടെ ആ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കൊണ്ട് മജ്ഞിമ കണക്കിന് മറുപടി നല്‍കി.

 നടിമാരുടെ നഗ്‌നത കാണാനാണ് ആളുകള്‍ തിയറ്ററുകളില്‍ വരുന്നതെന്നാണ് നിങ്ങളുടെ ചിന്തയെങ്കില്‍ അത് തെറ്റാണെന്നായിരുന്നു മജ്ഞിമയുടെ വാദം. നല്ല സിനിമകള്‍ കാണാനാണ് പ്രേക്ഷകര്‍ തിയേറ്ററില്‍ വരുന്നതെന്നും അല്ലാതെ വസ്ത്രത്തിന്റെ ഇറക്കകുറവ് ആസ്വദിക്കാനല്ലെന്നുകൂടി മജ്ഞിമ ട്വിറ്ററില്‍ കുറിച്ചു.ഇതിന് പിന്നാലെ നടിക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തുകയും ചെയ്തു. ഇതോടെ തന്റെ വിവാദ ട്വീറ്റ് പിന്‍വലിച്ചുകൊണ്ട് അയാള്‍ തടിതപ്പി.

നേരത്തെ തമിഴ് സിനിമയിലെ സംവിധായകനെതിരെ രൂക്ഷവിമര്‍ശനവുമായി മജ്ഞിമ രംഗത്തെത്തിയിരുന്നു. സംവിധായകന് മുന്നില്‍ താന്‍ എത്തിയപ്പോള്‍ തന്നെ നോക്കി ‘ഇതാണോ സാധനം? ഈ തടിച്ച ശരീരം നായികയ്ക്ക് ചേര്‍ന്നതല്ല’ എന്ന് വെട്ടിത്തുറന്നു പറഞ്ഞെന്നായിരുന്നു നടിയുടെ ആരോപണം.

തനിക്ക് മുഖത്ത് ഒരു അടികിട്ടിയപോലെയായിരുന്നു അപ്പോള്‍ തോന്നിയതെന്നും മര്യാദയില്ലാത്ത പെരുമാറ്റമായിരുന്നു അയാളുടേതെന്നും നടി പറഞ്ഞിരുന്നു.ബാലതാരമായി എത്തിയ മഞ്ജിമ നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെയാണ് നായികയായി സജീവമാകുന്നത്. തമിഴില്‍ അച്ചം യെമ്പത് മടമൈയടാ എന്ന സിനിമ പൂര്‍ത്തിയാക്കിയ ഉദയനിധി സ്റ്റാലിനൊപ്പം പുതിയ ചിത്രത്തില്‍ അഭിനയിക്കുകയാണ് താരമിപ്പോള്‍.